ചാമ്പ്യൻസ് ലീഗ്: ടോട്ടൻഹാം, എയ്ൻട്രാഷ് നോക്കൗട്ടിൽ

ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ നോക്കൗട്ടിലേക്ക് മുന്നേറി ടോട്ടൻഹാമും എയ്ൻട്രാഷ് ഫ്രാങ്ക്ഫുർട്ടും. ഗ്രൂപ് ഡി മത്സരങ്ങളിൽ ടോട്ടൻഹാം ഒന്നിനെതിരെ രണ്ട് ഗോളിന് ഒളിമ്പിക് മാഴ്സെയെയും ഫ്രാങ്ക്ഫുർട്ട് ഇതേ സ്കോറിൽ സ്പോർടിങ് സി.പിയെയും തോൽപിച്ചു.

ഇതിനകം 16ൽ 14 ടീമുകളാണ് നോക്കൗട്ട് റൗണ്ടിൽ ഇടം ഉറപ്പാക്കിയത്. ബയേൺ മ്യൂണിക്, നാപോളി, ടോട്ടൻഹാം, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, പോർട്ടോ, ഇന്റർ മിലാൻ, ലിവർപൂൾ, ക്ലബ് ബ്രൂഗ്, എയ്ൻട്രാഷ് ഫ്രാങ്ക്ഫർട്ട്, ബൊറൂസിയ ഡോർട്മണ്ട്, റയൽ മഡ്രിഡ്, പി.എസ്.ജി, ബെൻഫിക്ക എന്നിവയാണ് കടന്നത്. ശേഷിക്കുന്ന രണ്ട് ടീമുകളെ അവസാന ഗ്രൂപ് പോരാട്ടത്തിൽ ശേഷിക്കുന്ന മത്സരങ്ങളുടെ ഫലം നോക്കി തീരുമാനിക്കും.

നാപോളിക്ക് ലിവർപൂളിൽ സ്റ്റോപ്; നോൺസ്റ്റോപ് ബയേൺ

തുടർച്ചയായ 21 കളികളിൽ തോൽവിയില്ലാതെ കുതിച്ച നാപോളി ആൻഫീൽഡിൽ ചെമ്പടക്കുമുന്നിൽ മുട്ടുമടക്കി. പ്രീമിയർ ലീഗിൽ തുടർ തോൽവികളുമായി പോയന്റ് പട്ടികയിൽ പിറകിലായിപ്പോയ ക്ഷീണം തീർത്താണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് അന്തിമ ഗ്രൂപ് പോരിൽ ഇറ്റാലിയൻ കരുത്തരായ നാപോളിയെ 2-0ന് വീഴ്ത്തിയത്.

അയാക്സ് 3-1ന് റേഞ്ചേഴ്സിനെ തകർത്തു. ഗ്രൂപ് എ പോയന്റ് പട്ടികയിൽ നാപോളിക്കും ലിവർപൂളിനും 15 പോയന്റായി. ഗോൾ ശരാശരിയിൽ നാപോളിയാണ് ഒന്നാമത്. ഇരു ടീമും നേരത്തെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയിരുന്നു. ഗ്രൂപ് സിയിൽ ഇതിനകം പുറത്തായ ബാഴ്സലോണ 4-2ന് വിക്ടോറിയ പ്ലസനെ തോൽപിച്ചു. ബയേൺ മ്യൂണിക് എതിരില്ലാത്ത രണ്ടു ഗോളിന് ഇന്റർമിലാനെയും വീഴ്ത്തി.

ആറിൽ ആറും ജയിച്ച് 18 പോയന്റുമായാണ് ബയേൺ നിൽക്കുന്നത്. ഗ്രൂപ് ബിയിൽ പോർട്ടോ 2-1ന് അറ്റ്ലറ്റികോ മഡ്രിഡിനെയും തോൽപിച്ചു. പുറത്തായ അത് ലറ്റികോ ഗ്രൂപ്പിൽ അവസാന സ്ഥാനത്തുമായി.

Tags:    
News Summary - Champions League: Tottenham, Eintrash in knockout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.