ലണ്ടൻ: ആൻഫീൽഡിൽ 10പേരായി ചുരുങ്ങിയ എതിരാളികളെ ഒന്നിനെതിരെ രണ്ട് ഗോളിന് കടന്ന് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ. ആഭ്യന്തര ലീഗിലും യൂറോപ്യൻ ചാമ്പ്യൻഷിപ്പിലുമായി 21 കളികളിൽ തോൽവിയറിയാതെയെത്തിയ ഫ്രഞ്ച് ടീം ലിലെയെ ആണ് ചെമ്പട വീഴ്ത്തിയത്. കർട്ടിസ് ജോൺസിന്റെ മനോഹരമായ ത്രൂബാൾ കാലിലെടുത്ത് ലിലെ ഗോളി ലുകാസ് ഷെവലിയാറെ കാഴ്ചക്കാരനാക്കി സലാഹ് പായിച്ച മനോഹര ഷോട്ടിലാണ് ലിവർപൂൾ ലീഡെടുത്തത്.
താരത്തിനിത് യൂറോപ്യൻ ലീഗിൽ ടീമിനായി 50ാം ഗോളാണ്. സീസണിൽ ടീമിനായി 22ാം ഗോളും. 59ാം മിനിറ്റിൽ മാൻഡി വീണ്ടും കാർഡ് വാങ്ങി പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയ ലിലെ പക്ഷേ, മൂന്നു മിനിറ്റ് കഴിഞ്ഞ് ജൊനാഥൻ ഡേവിഡിലൂടെ ഗോൾ മടക്കി. എന്നാൽ, അഞ്ചു മിനിറ്റിന്റെ ഇടവേളയിൽ എലിയട്ട് ലിവർപൂൾ കാത്തിരുന്ന ജയം നൽകി. ഇതോടെ പ്രീക്വാർട്ടർ ഉറപ്പാക്കിയ ലിവർപൂളിന് ഗ്രൂപ്പിൽ ഒന്നാമതെത്താൻ ജനുവരി 29ന് പി.എസ്.വി ഐന്തോവനെതിരായ മത്സരത്തിൽ സമനില പിടിച്ചാൽ മതി. എന്നാൽ, പ്രീമിയർ ലീഗിലും എഫ്.എ കപ്പിലും ഇ.എഫ്.എൽ കപ്പിലുമായി തിരക്കിട്ട ഷെഡ്യൂളായതിനാൽ ഇളമുറക്കാരെ ഇറക്കി പരീക്ഷണം നടത്തുമോയെന്നും കാത്തിരുന്നു കാണണം. ചാമ്പ്യൻസ് ലീഗ് പോയന്റ് പട്ടികയിൽ ലിലെ നിലവിൽ 11ാമതാണ്. നിലവിലെ സാധ്യതകൾ വെച്ച് ആദ്യ എട്ടിലെത്തി നേരിട്ട് പ്രീക്വാർട്ടറിലോ അല്ലെങ്കിൽ േപ്ലഓഫിലോ എത്തുമെന്നുറപ്പ്. ഒമ്പതുമുതൽ 24 വരെ സ്ഥാനത്തെത്തുന്നവർ േപ്ലഓഫ് വഴിയാണ് പ്രീക്വാർട്ടറിലെത്തുക.
അതേസമയം, 32കാരനായ മുഹമ്മദ് സലാഹിനിത് ചെമ്പടയ്ക്കൊപ്പം അവസാന മത്സരങ്ങളാണ്. സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന താരവുമായി ഇനിയും ലിവർപൂൾ ധാരണയിലെത്തിയിട്ടില്ല. ജനുവരി ഒന്നു മുതൽ കരാർ പുതുക്കാവുന്നതാണെങ്കിലും ഇത്തരം ചർച്ചകളിലേക്ക് ക്ലബ് കടന്നതായും സൂചനയില്ല. വിർജിൽ വാൻ ഡൈക്, അലക്സാണ്ടർ ആർണൾഡ് എന്നിവരടക്കം കരാർ കാലാവധി അവസാനിക്കുന്നവർ വേറെയും ഉള്ളതിനാൽ ടീം വൈകാതെ അന്തിമതീരുമാനത്തിലെത്തുമെന്നാണ് സൂചന.
ലിസ്ബണിൽ കൊണ്ടുംകൊടുത്തും ഗോളുത്സവം കണ്ട ബെൻഫിക്കക്കെതിരായ മത്സരം വീറോടെ സ്വന്തമാക്കി കറ്റാലന്മാർ. കളി കാൽ മണിക്കൂർ ബാക്കിനിൽക്കെ 2-4ന് പിറകിൽ നിന്ന ശേഷമാണ് ഉജ്ജ്വലമായി പൊരുതി അവസാന മിനിറ്റുകളിൽ മൂന്നുവട്ടം എതിർവല കുലുക്കി കളി 5-4ന് ബാഴ്സ സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗിൽ മൂന്നാമത്തെ അതിവേഗ ഹാട്രിക്കടിച്ച വാൻജെലിസ് പാവ്‍ലിഡിസിന്റെ മികവിലാണ് ബെൻഫിക്ക സ്വന്തം തട്ടകത്തിൽ വമ്പൻ ലീഡ് പിടിച്ചത്. രണ്ടാം മിനിറ്റിൽ ഗോൾവേട്ട തുടങ്ങിയ പാവ്‍ലിഡിസ് 22, 30 മിനിറ്റുകളിലും വല കുലുക്കിയതിനിടെ രണ്ടാം പകുതിയിൽ ബാഴ്സ താരം അറോയോ സ്വന്തം വലയിൽ പന്തെത്തിക്കുക കൂടി ചെയ്തതോടെയാണ് ബെൻഫിക്ക കളിയിൽ മേൽക്കൈ പിടിച്ചത്. എന്നാൽ, രണ്ടുവട്ടം പെനാൽറ്റി ഗോളാക്കി ലെവൻഡോവ്സ്കിയും ഇരട്ട ഗോളുമായി റഫീഞ്ഞയും ഒറ്റ ഗോളടിച്ച് എറിക് ഗാർസിയയും ബാഴ്സക്ക് വീണ്ടും ജയം സമ്മാനിച്ചു. നിലവിൽ പോയന്റ് പട്ടികയിൽ രണ്ടാമതാണ് ബാഴ്സ. പുതുവർഷത്തിൽ ആറു കളികളിൽ ടീം ഒരിക്കൽപോലും തോറ്റില്ലെന്ന സവിശേഷതയുമുണ്ട്.
മറ്റൊരു മത്സരത്തിൽ ജൂലിയൻ അൽവാരസ് നേടിയ ഇരട്ട ഗോളിൽ ബയേർ ലെവർകൂസനെ വീഴ്ത്തി സ്പാനിഷ് ക്ലബായ അറ്റ്ലറ്റികോ മഡ്രിഡും പ്രീക്വാർട്ടർ സാധ്യതകളിലേക്ക് വഴി തുറന്നുവെച്ചു. മോണക്കോക്കെതിരായ മത്സരം ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് ആസ്റ്റൺ വില്ല നിലവിൽ എട്ടാം സ്ഥാനത്താണ്. ബോളോണക്ക് മുന്നിൽ ബൊറൂസിയ ഡോർട്മുണ്ടും (2-1) റെഡ് സ്റ്റാറിനു മുന്നിൽ പി.എസ്.വി ഐന്തോവനും (3-2)ഉം തോൽവി സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.