ചാമ്പ്യൻസ് ലീഗ്: ആദ്യ കടമ്പ കടന്ന് ലിവർപൂൾ, സിറ്റി

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദം ജയിച്ച് പ്രീമിയർ ലീഗ് കരുത്തരായ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും. പോർചുഗീസ് ടീം ബെൻഫിക്കയെ ചെമ്പട 3-1നും ലാ ലിഗ ടീമായ അത്‍ലറ്റിക്കോ മഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റിയും വീഴ്ത്തി.

അനായാസം ലിവർപൂൾ

ആഭ്യന്തരകലഹങ്ങളിൽ എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിച്ചേടത്ത് തിരിച്ചുവരവിന്റെ വിളംബരവുമായി സ്വന്തം മൈതാനത്ത് ബൂട്ടുകെട്ടിയ പോർചുഗീസ് ടീമിന് ഇംഗ്ലീഷ് അതികായർക്ക് മുന്നിൽ അടിതെറ്റുന്നതായിരുന്നു കാഴ്ച. ഫ്രഞ്ച് താരം ഇബ്രാഹിം കൊണാറ്റെ തുടക്കമിട്ട് സാദിയോ മാനെയും ലൂയിസ് ഡയസും ചേർന്ന് ലിവർപൂളിനായി പട്ടിക പൂർത്തിയാക്കിയപ്പോൾ നൂനെസ് ബെൻഫിക്കയുടെ ആശ്വാസഗോൾ കുറിച്ചു. ഇതോടെ, രണ്ടാംപാദം സ്വന്തം കളിമുറ്റമായ ആൻഫീൽഡിൽ കളിക്കുകയെന്ന ആനുകൂല്യത്തിനൊപ്പം രണ്ടു ഗോൾ ലീഡും ലിവർപൂളിന് തുണയാകും.

പ്രീമിയർ ലീഗിലും എഫ്.എ കപ്പ് സെമിയിലും പെപ് ഗ്വാർഡിയോളയുടെ പട്ടാളവുമായി ദിവസങ്ങളുടെ അകലത്തിൽ രണ്ടു മത്സരങ്ങൾ വരാനിരിക്കെ രണ്ടിനുമിടയിലായി അടുത്ത ബുധനാഴ്ചയാണ് ബെൻഫിക്കയുമായി രണ്ടാം പാദം. കഴിഞ്ഞ കളിയിൽ ഡച്ച് ടീം അയാക്സിനെ മറിച്ചിട്ടെത്തിയ ബെൻഫിക്കക്ക് അവസരമേതും നൽകാതെയായിരുന്നു ലിവർപൂൾ പടയോട്ടം.

ഡിബ്രുയിൻ മികവിൽ സിറ്റി

ഇത്തിഹാദ് മൈതാനത്ത് വലിയ മാർജിനിൽ ജയം പ്രതീക്ഷിച്ച സിറ്റിക്ക് അത്‍ലറ്റികോ മഡ്രിഡിനെതിരെ കുറിക്കാനായത് ഏക ഗോൾ ജയം. പകരക്കാരനായിറങ്ങിയ ഫിൽ ഫോഡൻ 70ാം മിനിറ്റിൽ നൽകിയ മനോഹര പാസിൽ കെവിൻ ഡി ബ്രുയിനായിരുന്നു സ്കോറർ. ഏപ്രിൽ 13ന് മഡ്രിഡിലാണ് രണ്ടാം പാദം.

Tags:    
News Summary - Champions League: Liverpool make merry at Benfica, Manchester City eke out 1-0 win over Atleetico Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT