നാപ്പോളിയെ മലർത്തിയടിച്ച് ബാഴ്സ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ; നാലു വർഷത്തിനിടെ ആദ്യം

ബാഴ്സലോണ യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കടന്നു. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാംപാദ നോക്കൗട്ട് പോരാട്ടത്തിൽ ഇറ്റാലിയൻ ക്ലബ് നാപ്പോളിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് ബാഴ്സ അവസാന എട്ടിലെത്തിയത്. ഇരുപാദങ്ങളിലുമായി സ്കോർ 4-2.

നാലു വർഷത്തിനിടെ ആദ്യമായാണ് സ്പാനിഷ് ക്ലബ് ചാമ്പ്യൻസ് ലീഗിന്‍റെ ക്വാർട്ടറിലെത്തുന്നത്. ഫെർമിൻ ലോപസ്, ജോ കാൻസലോ, ലെവൻഡോവ്സ്കി എന്നിവർ ബാഴ്സക്കായി വലകുലുക്കി. അമീർ റഹ്മാനിയുടെ വകയായിരുന്നു നാപ്പോളിയുടെ ആശ്വാസ ഗോൾ. യുവ താരങ്ങളെയും പരിചയസമ്പന്നരെയും ഉൾപ്പെടുത്തിയാണ് സാവി ടീമിനെ കളത്തിലിറക്കിയത്. മത്സരത്തിന്‍റെ 15ാം മിനിറ്റിൽ തന്നെ ബാഴ്സ ലീഡെടുത്തു. റാഫിഞ്ഞയുടെ അസിസ്റ്റിൽനിന്ന് ലോപ്പസാണ് ആദ്യ ഗോൾ നേടിയത്. രണ്ടു മിനിറ്റിനിടെ ബാഴ്സ വീണ്ടും വലകുലുക്കി.

റാഫിഞ്ഞയുടെ പോസ്റ്റിൽ തട്ടി തിരിച്ചെത്തിയ പന്താണ് കാൻസലോ വലക്കുള്ളിലാക്കിയത്. 30ാം മിനിറ്റിൽ റഹ്മാനി നാപ്പോളിക്കായി ഒരു ഗോൾ മടക്കി. നിശ്ചിത സമയം അവസാനിക്കാൻ ഏഴു മിനിറ്റ് ബാക്കി നിൽക്കെ പോളിഷ് താരം ലെവൻഡോവ്സ്കി ടീമിന്‍റെ മൂന്നാം ഗോൾ നേടി. ഒടുവിൽ നാപ്പോളിയുടെ വെല്ലുവിളി മറികടന്ന് ബാഴ്സ ഇരുപാദങ്ങളിലുമായി 4-2 എന്ന സ്കോറിൽ ക്വാർട്ടറിലേക്ക്. സീരി എയിൽ മോശം ഫോമിലുള്ള നാപ്പോളി നിലവിൽ ഏഴാം സ്ഥാനത്താണ്.

Tags:    
News Summary - Barcelona reached the Champions League quarter-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT