17ന്റെ കളിച്ചെറുപ്പം

കൊൽക്കത്ത: 2005 ജൂൺ 12ന് പാകിസ്താനിലെ ക്വറ്റ അയ്യൂബ് നാഷനൽ സ്റ്റേഡിയത്തിൽ അയൽക്കാർ തമ്മിലെ സൗഹൃദ മത്സരം നടക്കുന്നു. ഇരു ടീമും ഗോളടിക്കാതെ ഒരു മണിക്കൂർ പിന്നിട്ടു. മത്സരം 65ാം മിനിറ്റിലെത്തവെയാണ് സുനിൽ ഛേത്രിയെന്ന അരങ്ങേറ്റക്കാരൻ പാക് വലയിലേക്ക് നിറയൊഴിക്കുന്നത്. 20 വയസ്സുള്ള ആ സെക്കന്ദരാബാദ് സ്വദേശി അന്നോളം സുപരിചിതനല്ലായിരുന്നു ഇന്ത്യൻ ഫുട്ബാൾ പ്രേമികൾക്ക്. ആദ്യ അന്താരാഷ്ട്ര മത്സരത്തിൽതന്നെ ഗോളടിച്ച ഛേത്രി പിന്നെ ഇന്ത്യൻ ഫുട്ബാളിന്റെ അന്താരാഷ്ട്ര മേൽവിലാസമാവുന്നതിന് ലോകവും കാലവും സാക്ഷിയായി.

വിശേഷദിവസത്തിന് ഞായറാഴ്ച 17 വർഷം തികഞ്ഞു. ഇന്നും പകരം വെക്കാനാളില്ലാതെ ടീമിനെ ഒറ്റക്ക് തോളിലേറ്റുന്നു 37കാരൻ സ്ട്രൈക്കർ. 128 കളി‍യിൽ 83 അന്താരാഷ്ട്ര ഗോളുകൾ നേടി മത്സരിക്കുന്നത് ഇതിഹാസതുല്യരായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയവരോട്. ഇന്ത്യക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ചതും ഗോളടിച്ചതും ഛേത്രിതന്നെ.


രാജ്യത്തെ മുൻനിര ക്ലബുകളുടെ മാത്രമല്ല, പോർചുഗലിലെ സ്പോർട്ടിങ് ലിസ്ബന്റെ വരെ ജഴ്സിയണിയാൻ അവസരം ലഭിച്ച താരം. 2012ലെ എ.എഫ്.സി ചലഞ്ച് കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങൾക്കാണ് ആദ്യമായി ഛേത്രിയെ നായകനാക്കുന്നത്. തോൽവിയറിയാതെ 13 മത്സരങ്ങളിൽ രാജ്യത്തെ നയിച്ച ചരിത്രവും പറയാനുണ്ട്. ഓർത്തുവെക്കാൻ ഒരുപിടി കിരീടനിമിഷങ്ങൾ. ഇപ്പോൾ കൊൽക്കത്ത സാൾട്ട് ലേക് സ്റ്റേഡിയത്തിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതമത്സരങ്ങളിൽ ഇന്ത്യയുടെ നാലിൽ മൂന്നു ഗോളിനും അവകാശി ഛേത്രി തന്നെ. ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്.സിയുടെ കപ്പിത്താൻ. അന്താരാഷ്ട്ര കരിയർ 17 കൊല്ലം പൂർത്തിയാക്കിയതിനെപ്പറ്റി ചോദിച്ചപ്പോഴും 'അത് വലിയ കാര്യമാണെന്നു പറഞ്ഞ്' ചാടിയത് ടീമിന്റെ പ്രകടനത്തിലേക്കും സാധ്യതകളിലേക്കുമാണ്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ ഫുട്ബാളറാണ്. 2005ൽ തുടങ്ങിയ യാത്രയിൽ 2006ൽ ഒഴികെ 2022 വരെയുള്ള എല്ലാ കലണ്ടർ വർഷവും ഇന്ത്യക്കുവേണ്ടി ഗോളടിച്ചിട്ടുണ്ട് ഛേത്രി.

Tags:    
News Summary - 17 years of Sunil Chhetri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT