മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ അടുത്ത ക്രിസ് ഗെയിലാകുമെന്ന അവകാശവാദവുമായി മുൻ ഇന്ത്യൻ താരം യോഗ്‌രാജ് സിങ്. അതിന് അർജുനെ തന്‍റെ മകൻ യുവരാജ് സിങ് പരിശീലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് സ്ക്വാഡിലുണ്ടെങ്കിലും താരത്തിന് ഇതുവരെ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. അർജുൻ ബൗളിങ്ങിനു പകരം ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും യോഗ്‌രാജ് പറയുന്നു. അഭ്യന്തര ക്രിക്കറ്റിൽ അവസരങ്ങൾ കുറഞ്ഞതോടെ മുംബൈ വിട്ട് ഗോവയിലേക്ക് ചുവടുമാറ്റിയപ്പോൾ അർജുനെ യോഗ്‌രാജ് പരിശീലിപ്പിച്ചിരുന്നു.
‘അര്‍ജുന്‍ ബൗളിങ്ങില്‍ കുറച്ച് ശ്രദ്ധിച്ചാൽ മതി. കൂടുതലും ബാറ്റിങ്ങിലാണ് ശ്രദ്ധ കൊടുക്കേണ്ടത്. അർജുൻ മൂന്നുമാസം യുവരാജിനു കീഴിൽ പരിശീലനം നടത്തുകയാണെങ്കിൽ, അടുത്ത ക്രിസ് ഗെയ്‌ലായി അദ്ദേഹം മാറുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. പലപ്പോഴും ഒരു ഫാസ്റ്റ് ബൗളർക്ക് പരിക്കേറ്റാൽ അത്ര ഫലപ്രദമായി പന്തെറിയാൻ കഴിയില്ല. അർജുനെ കുറച്ചു കാലത്തേക്ക് യുവരാജിന് കൈമാറുന്നതാണ് നല്ലത്’ -യോഗ്‌രാജ് പറഞ്ഞു.
ഇന്ത്യൻ താരം അഭിഷേക് ശർമയുടെ പ്രതിഭ തിരിച്ചറിഞ്ഞ് വളർത്തിക്കൊണ്ടുവന്നത് തന്‍റെ മകൻ യുവരാജാണ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ (പി.സി.എ) സംഘടിപ്പിച്ച ടൂർണമെന്‍റിൽ അഭിഷേകിനെ കണ്ടെത്തുമ്പോൾ അദ്ദേഹം ഒരു ബൗളറെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. എന്നാൽ, അഭിഷേകിന്‍റെ കരിയറിലെ അതുവരെയുള്ള പ്രകടനം നോക്കിയപ്പോൾ 24 സെഞ്ച്വറികളാണ് താരത്തിന്‍റെ പേരിലുണ്ടായിരുന്നത്.
എന്തിനാണ് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതെന്നാണ് അന്ന് യുവരാജ് അവരോട് പറഞ്ഞു. ആറോ ഏഴോ വര്‍ഷങ്ങള്‍ക്ക് മുമ്പാണിതെന്നും ചിലർ അസൂയകാരണം യുവതാരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിനു പകരം അവരുടെ കരിയർ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും യോഗ്‌രാജ് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ വിജയ് ഹസാരെ ട്രോഫിയിലാണ് അര്‍ജുന്‍ അവസാനമായി കളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.