ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്: സ്പിന്നർമാർ ആരെല്ലാം
ലണ്ടൻ: ഓവലിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യക്കും ആസ്ട്രേലിയക്കും കൺഫ്യൂഷനേറെയാണ്. ഇന്ത്യയുടെ ബൗളിങ് നിരയിൽ ആരൊക്കെയാണെന്നാണ് ഓസീസ് തലപുകക്കുന്നത്. ഇന്ത്യക്ക് ഇക്കാര്യത്തിൽ തലവേദന കൂടുതലാണ്. സ്പിന്നർമാരെ കളിപ്പിക്കുന്നതിലാണ് സസ്പെൻസ് തുടരുന്നത്. രവീന്ദ്ര ജദേജയും ആർ. അശ്വിനും ഒരുമിച്ച് കളിക്കുമോയെന്നാണ് ചോദ്യം. ആദ്യ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ജദേജയും അശ്വിനും ഒരുമിച്ച് പന്തെറിഞ്ഞിരുന്നു. എന്നാൽ, തോൽവിയായിരുന്നു ഫലം. പേസിനെ തുണക്കുന്ന പിച്ചിൽ രണ്ടു സ്പിന്നർമാരെ കളിപ്പിച്ചതിന് പഴിയും കേട്ടു.
സ്പിന്നിനെ തുണക്കുന്ന പിച്ചാണെന്നും ഇന്ത്യക്ക് ഗുണമാകുമെന്നുമാണ് സ്റ്റീവ് സ്മിത്ത് അഭിപ്രായപ്പെട്ടത്. ഓവലിൽ നടന്ന കഴിഞ്ഞ 10 ടെസ്റ്റുകളിലെ കണക്കുകൾ വിലയിരുത്തിയാൽ പേസർമാർക്കാണ് ഈ പിച്ചിൽ മുൻതൂക്കം. 252 വിക്കറ്റുകളാണ് വേഗ ബൗളർമാർ നേടിയത്. 68 എണ്ണമാണ് സ്പിന്നർമാരുടെ പേരിലുള്ളത്. ജൂൺ മാസത്തിൽ ആദ്യമായാണ് ഓവലിൽ ടെസ്റ്റ് മത്സരം നടക്കുന്നത്. പിച്ചിന്റെ സ്വഭാവം എന്താണെന്ന് കണ്ടറിയണം. രണ്ടു സ്പിന്നർമാരെയും കളിപ്പിക്കണമെന്നാണ് മുൻ കോച്ച് രവി ശാസ്ത്രിയുടെ അഭിപ്രായം. പിച്ചിന്റെ സ്വഭാവം അനുകൂലമാണെങ്കിൽ അശ്വിനെയും ജദേജയെയും ടീമിലുൾപ്പെടുത്തണമെന്ന് ശാസ്ത്രി പറഞ്ഞു.
47 ടെസ്റ്റുകളിലാണ് ജദേജയും അശ്വിനും ഒരുമിച്ച് ടീമിലുണ്ടായിരുന്നത്. ഇതിൽ 40ഉം ഇന്ത്യൻ മണ്ണിൽ തന്നെയായിരുന്നു. 40 കളികളിൽ 234 വിക്കറ്റുകളാണ് അശ്വിൻ നേടിയത്. 194 ഇരകളെ ജദേജയും വീഴ്ത്തി. വിദേശത്തെ ഏഴു ടെസ്റ്റിൽ 25 വീതം വിക്കറ്റാണ് ഇരുവർക്കുമുള്ളത്. ഇംഗ്ലണ്ടിൽ കളിച്ച മത്സരങ്ങളിൽ മോശം പ്രകടനമായിരുന്നു. രണ്ടു കളിയിൽ അശ്വിന് നാലും ജദേജക്ക് രണ്ടും വിക്കറ്റ് മാത്രമാണുള്ളത്. ഇരുവർക്കും ബാറ്റിങ്ങിലുള്ള കഴിവും ശ്രദ്ധേയമാണ്.
പേസർമാരിൽ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ടീമിലുണ്ടാകും. ജയദേവ് ഉനദ്കടോ ഉമേഷ് യാദവോ മൂന്നാം പേസറാകാനാണ് സാധ്യത. ബാറ്റിങ്ങിലും സാധ്യതയുള്ള ശാർദുൽ ഠാകുറിനെ കളിപ്പിക്കണമെന്ന അഭിപ്രായവുമുയരുന്നുണ്ട്. ഉനദ്കട് രഞ്ജി ട്രോഫിയിലടക്കം ഗംഭീര ഫോമിലായിരുന്നു. ഉമേഷ് യാദവിന് പുതിയ പന്തിലും പഴയ പന്തിലും ഒരുപോലെ സ്വിങ് ചെയ്യിക്കാനുള്ള കഴിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.