ലോര്‍ഡ്സ്: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്സിൽ ആസ്ട്രേലിയ 207 റൺസിന് ഓൾ ഔട്ടായി.
ദക്ഷിണാഫ്രിക്കക്ക് 282 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച പ്രോട്ടീസ് നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസെടുത്തിട്ടുണ്ട്. രണ്ടു ദിവസവും രണ്ടു സെഷനും ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്കക് കിരീടത്തിലേക്ക് 241 റൺസ് ദൂരം. അവസാന വിക്കറ്റിൽ ജോഷ് ഹേസൽവുഡിനെ കൂട്ടുപിടിച്ച് മിച്ചൽ സ്റ്റാർക്ക് നടത്തിയ ചെറുത്തുനിൽപ്പാണ് ഓസീസിന് പൊരുതാനുള്ള ലീഡ് സമ്മാനിച്ചത്. 136 പന്തുകൾ നേരിട്ട സ്റ്റാർക്ക് 58 റൺസെടുത്ത് പുറത്താകാതെ നിന്നു. ഹേസൽവുഡ് 53 പന്തിൽ 17 റൺസെടുത്തു.
അവസാന വിക്കറ്റിൽ ഇരുവരും 59 റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്. ദക്ഷിണാഫ്രിക്കക്കായി കാഗിസോ റബാദ നാലും ലുങ്കി എന്‍ഗിഡി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. എട്ട് വിക്കറ്റിന് 144 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് അധികം വൈകാതെ രണ്ടു റണ്‍സെടുത്ത നഥാൻ ലയണിനെ നഷ്ടമായി. തുടര്‍ന്നായിരുന്നു 22 ഓവറുകളിലേറെ പിടിച്ചുനിന്ന സ്റ്റാര്‍ക്ക്-ഹേസല്‍വുഡ് കൂട്ടുകെട്ട്.
ഓസീസ് നായകൻ പാറ്റ് കമിന്‍സിന്റെ ആറ് വിക്കറ്റ് പ്രകടനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്സ് 138 റണ്‍സില്‍ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഓസീസിന് 74 റണ്‍സ് ലീഡ്. മാര്‍നെസ് ലബുഷെയ്ന്‍ (22), ഉസ്മാന്‍ ക്വാജ (ആറ്), കാമറൂണ്‍ ഗ്രീന്‍ (പൂജ്യം), സ്റ്റീവ് സ്മിത്ത് (13), ട്രാവിസ് ഹെഡ് (ഒമ്പത്), ബ്യൂ വെബ്സ്റ്റര്‍ (ഒമ്പത്), പാറ്റ് കമിന്‍സ് (ആറ്), അലക്സ് കാരി (43) എന്നിവരാണ് പുറത്തായത്.
നാല് വിക്കറ്റിന് 43 റൺസിൽ രണ്ടാം നാൾ ബാറ്റിങ് പുനരാരംഭിച്ച പ്രോട്ടീസിനെ വേഗം എറിഞ്ഞിട്ട് ആസ്ട്രേലിയ 74 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ വലിയ സ്കോർ നേടി മികച്ച വിജയ ലക്ഷ്യം കുറിക്കാമെന്ന പ്രതീക്ഷയിൽ ബാറ്റിങ് തുടങ്ങിയ ഓസീസിന് പക്ഷേ കാര്യങ്ങൾ ഒട്ടും പന്തിയല്ല. ഉസ്മാൻ ഖാജ-മാർനസ് ലബൂഷേൻ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പത്ത് ഓവർ തികച്ചത് മിച്ചം. 11ാം ഓവറിലെ രണ്ടാം പന്തിൽ ഖാജയെ (6) കാഗിസോ റബാദ വിക്കറ്റ് പിറകിൽ കൈൽ വെറെയ്നെ ഏൽപിച്ചു. സ്കോർ അപ്പോൾ 28. നാലാം പന്തിൽ കാമറൂൺ ഗ്രീനിനെ (0) വിയാൻ മൾഡറും പിടിച്ചു. ചായസമയത്ത് രണ്ടിന് 32. പിന്നാലെ ലബൂഷേനിനെ (22) വെറെയ്ന്റെ ഗ്ലൗസിലെത്തിച്ച് മാർകോ ജാൻസെൻ മറ്റൊരു ആഘാതം സമ്മാനിച്ചു. താമസിയാതെ സ്റ്റീവൻ സ്മിത്ത് (13) ലുൻഗി എൻഗിഡിയുടെ എൽ.ബി.ഡബ്ല്യൂ അപ്പീൽ റിവ്യൂവിൽ കീഴടങ്ങിയതോടെ നാലിന് 48.
വെബ്സ്റ്റർ (11 പന്തിൽ ഒമ്പത്), ട്രാവിസ് ഹെഡ്ഡ് (18 പന്തിൽ ഒമ്പത്), പാറ്റ് കമ്മിൻസ് (അഞ്ച് പന്തിൽ ആറ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നേരത്തേ, ബെഡിങ്ഹാമും ക്യാപ്റ്റൻ ടെംബ ബാവുമയും അഞ്ചാം വിക്കറ്റിൽ 64 റൺസ് ചേർത്തത് ദക്ഷിണാഫ്രിക്കക്ക് ആശ്വാസമായെങ്കിലും കമ്മിൻസ് നാശംവിതച്ചതോടെ പാടെ തകർന്നു. 36 റൺസെടുത്ത ബാവുമയെ ലബൂഷേനിന്റെ കൈകളിലേക്കയച്ചു കമ്മിൻസ്. 94ൽ അഞ്ചാം വിക്കറ്റ് വീണു. 121ൽ നിൽക്കെ ലഞ്ചിന് പിരിഞ്ഞു. ഇടക്കൊന്ന് മഴയും പെയ്തു.
കളി വീണ്ടും തുടങ്ങിയപ്പോൾ വിക്കറ്റ് മഴയും. 52ാം ഓവറിലെ മൂന്നാം പന്തിൽ കൈൽ വെറെയ്നെ (13) വിക്കറ്റിന് മുന്നിൽ കുരുക്കിയ കമ്മിൻസ് ആറാം പന്തിൽ മാർകോ ജാൻസെനെ (0) റിട്ടേൺ ക്യാച്ചെടുത്തു. 126ലാണ് ആറും ഏഴും വിക്കറ്റുകൾ വീണത്. ബെഡിങ്ഹാമിനെ (45) അലക്സ് കാരിയുടെ ഗ്ലൗസിലേക്കയച്ച് പ്രോട്ടീസിന്റെ അവശേഷിച്ച പ്രതീക്ഷയും തല്ലിക്കെടുത്തി കമ്മിൻസ്. കേശവ് മഹാരാജിനെ (7) ട്രാവിസ് ഹെഡും കാരിയും ചേർന്ന് റണ്ണൗട്ടാക്കി. കാഗിസോ റബാദയെ (1) കമ്മിൻസിന്റെതന്നെ പന്തിൽ വെബ്സ്റ്റർ പിടിച്ചതോടെ ദക്ഷിണാഫ്രിക്ക ഓൾ ഔട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.