അർധസെഞ്ച്വറി നേടി കോഹ്‍ലിയും പുറത്ത്

അഹ്മദാബാദ്: ലോകകപ്പിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് നാലാം വിക്കറ്റും നഷ്ടമായി. അർധസെഞ്ച്വറി നേടിയ വിരാട് കോഹ്‍ലിയുടെ വിക്കറ്റാണ് അവസാനം വീണത്. 63 പന്തിൽ നാല് ഫോറടക്കം 54 റൺസ് നേടിയ കോഹ്‍ലിയെ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്. കമ്മിൻസിന്റെ പന്ത് ബാറ്റിൽ തട്ടി സ്റ്റമ്പിൽ പതിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടമായി പ്രതിസന്ധിയിലായ ഇന്ത്യയെ കോഹ്‍ലിയും കെ.എൽ രാഹുലും ചേർന്ന സഖ്യം കരകയറ്റുന്നതിനിടെയാണ് കോഹ്‍ലിയുടെ പുറത്താകൽ. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 109 പന്തിൽ 67 റൺസ് ചേർത്താണ് പിരിഞ്ഞത്. 28 ഓവർ പിന്നിടുമ്പോൾ നാലിന് 149 റൺസെന്ന നിലയിലാണ് ഇന്ത്യ. 37 റൺസുമായി കെ.എൽ രാഹുലും റൺസൊന്നുമെടുക്കാതെ രവീന്ദ്ര ജദേജയുമാണ് ക്രീസിൽ.

ശുഭ്മൻ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സ്റ്റാർക് എറിഞ്ഞ നാലാം ഓവറിലെ രണ്ടാം പന്ത് ഗിൽ മിഡോണിലേക്ക് അടിച്ചകറ്റിയപ്പോൾ ആദം സാംബ അനായാസം കൈയിലൊതുക്കുകയായിരുന്നു. ഏഴ് പന്തിൽ നാല് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. 30 റൺസായിരുന്നു അപ്പോൾ സ്കോർ ബോർഡിൽ. പതിവുപോലെ കൂറ്റനടികളിലൂടെ തുടങ്ങിയ രോഹിതിന്റെ ഊഴമായിരുന്നു അടുത്തത്. പത്താം ഓവറിൽ മാക്സ്വെല്ലിന്റെ രണ്ടാം പന്ത് സിക്സും മൂന്നാം പന്ത് ഫോറുമടിച്ച രോഹിതിനെ നാലാം പന്തിൽ ട്രാവിസ് ഹെഡ് പിറകിലേക്കോടി അത്യുജ്വലമായി കൈയിലൊതുക്കുകയായിരുന്നു. 31 പന്തിൽ മൂന്ന് സിക്സും നാല് ഫേറുമടക്കം 47 റൺസാണ് രോഹിത് നേടിയത്. മൂന്ന് പന്തിൽ നാല് ​റൺസെടുത്ത ശ്രേയസ് അയ്യരെ കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസും പിടികൂടി. 

മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ആദ്യ ​ഓവറിൽ ഇന്ത്യക്ക് മൂന്ന് ​റൺസാണ് നേടാനായത്. എന്നാൽ, ഹേസൽവുഡിന്റെ രണ്ടാം ഓവറിൽ രോഹിത് വിശ്വരൂപം പുറത്തെടുത്തു. രണ്ട് ഫോറടക്കം 10 റൺസാണ് ഈ ഓവറിൽ നേടിയത്. സ്റ്റാർക്ക് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്ത് ഗില്ലിന്റെ ബാറ്റിൽ തട്ടി എത്തിയത് കീപ്പർക്കരികിലേക്കായിരുന്നു. എന്നാൽ, ഡൈവ് ചെയ്ത കീപ്പർക്ക് പന്ത് പിടിക്കാനാവാതിരുന്നത് ഇന്ത്യക്ക് ആശ്വാസമായി. ഹേസൽവുഡ് എറിഞ്ഞ നാലാം ഓവറിലെ രണ്ടാം പന്ത് രോഹിത് സ്ക്വയർലെഗിലേക്ക് പറത്തിയപ്പോൾ വാർണർ ഓടിയെത്തി പന്തിനായി ഡൈവ് ചെയ്തെങ്കിലും കൈപ്പിടിയിലൊതുക്കാനാവാത്തത് ഇന്ത്യക്ക് ഭാഗ്യമായി. ഈ ഓവറിൽ ഒരു സിക്സും ഫോറുമടിച്ചാണ് രോഹിത് അവസാനിപ്പിച്ചത്.

എന്നാൽ, ഇന്ത്യയുടെ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. സ്റ്റാർക്കിന്റെ നാലാം ഓവറിലെ രണ്ടാം പന്തിൽ ശുഭ്മൻ ഗില്ലും പത്താം ഓവറിൽ രോഹിതും 11ാം ഓവറിൽ ശ്രേയസും പുറത്താവുകയായിരുന്നു. 

Tags:    
News Summary - World Cup Final: India lose first wicket against Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 01:58 GMT