പുതുച്ചേരി: വനിതാ അണ്ടർ 23 ഏകദിന ടൂർണമെന്റിൽ മേഘാലയക്കെതിരെ തകർപ്പൻ ജയവുമായി കേരളം. 179 റൺസിനാണ് കേരളം മേഘാലയയെ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 263 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ 84 റൺസിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തുകയും 66 റൺസെടുക്കുകയും ചെയ്ത ക്യാപ്റ്റൻ നജ്ല സി.എം.സിയുടെ പ്രകടനമാണ് കേരളത്തിന് ഉജ്ജ്വല വിജയമൊരുക്കിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപണർമാരായ ദിയ ഗിരീഷും മാളവിക സാബുവും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഓപണിങ് കൂട്ടുകെട്ടിൽ 70 റൺസ് കൂട്ടിച്ചേർത്തു. 23 റൺസെടുത്ത മാളവിക റണ്ണൌട്ടായെങ്കിലും ദിയ ഗിരീഷ് 62 പന്തുകളിൽ 60 റൺസ് നേടി. തുടർന്നെത്തിയ വൈഷ്ണ 44 റൺസെടുത്തു. വൈഷ്ണ പുറത്തായതോടെ അടുപ്പിച്ച് മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും ക്യാപ്റ്റന്റെ ഇന്നിങ്സുമായി കളം നിറഞ്ഞ നജ്ലയുടെ പ്രകടനം കേരളത്തിന് തുണയായി. വാലറ്റക്കാരായ അജന്യയും സൂര്യ സുകുമാറും കൂടി ചേർന്നതോടെയാണ് കേരളം 263 റൺസെന്ന മികച്ച സ്കോറിലെത്തിയത്. 83 പന്തുകളിൽ 66 റൺസുമായി നജ് ല പുറത്താകാതെ നിന്നു. അജന്യ 32 പന്തുകളിൽ 29ഉം സൂര്യ സുകുമാർ 14 പന്തുകളിൽ 20 റൺസും നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ ബാറ്റിങ് നിരയിൽ ആർക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. 22 റൺസെടുത്ത അങ്കിതയും 18 റൺസെടുത്ത സുരിതിയും മാത്രമാണ് രണ്ടക്കം കടന്നത്. നാല് ബാറ്റർമാർ പൂജ്യത്തിന് പുറത്തായി. 38.4 ഓവറിൽ 84 റൺസിന് മേഘാലയ ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നജ്ല സി.എം.സിയാണ് മേഘാലയ ബാറ്റിങ് നിരയെ തകർത്തത്. മേഘാലയയുടെ രണ്ട് ബാറ്റർമാരെ റണ്ണൌട്ടിലൂടെ പുറത്താക്കിയതും നജ്ല തന്നെ. സൂര്യ സുകുമാർ, നിയ നസ്നീൻ, അലീന എം.പി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
66 റണ്‍സ് നേടുകയും 5 വിക്കറ്റുകള്‍ എടുക്കുകയും ചെയ്ത നജ്ല സി.എം.സി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.