‘മദ്യലഹരിയിൽ മർദിച്ചു, ബാറ്റുകൊണ്ട് തല്ലി’; ഭാര്യയുടെ പരാതിയിൽ വിനോദ് കാംബ്ലിക്കെതിരെ കേസ്

മുംബൈ: മദ്യലഹരിയിൽ മർദിച്ചെന്ന ഭാര്യയുടെ പരാതിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ബാന്ദ്രയിലെ ഫ്ലാറ്റിൽവച്ച് വെള്ളിയാഴ്ച വിനോദ് മർദിച്ചെന്ന് ഭാര്യ ആൻഡ്രിയ ഹെവിറ്റിന്റെ പരാതിയിൽ പറയുന്നു.

ഉച്ചക്ക് ഒന്നരക്കാണ് സംഭവം. മദ്യപിച്ച് ഫ്ലാറ്റിലെത്തിയ കാംബ്ലി ഒരു കാരണവുമില്ലാതെ തന്നെയും മകനെയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ഭാര്യ പറയുന്നു. തടയാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. പാചകത്തിനു ഉപയോഗിക്കുന്ന പാനിന്റെ ഹാൻഡില്‍ ഭാര്യക്കു നേരെ എറിഞ്ഞു. താരം ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചതായും പരാതിയിലുണ്ട്.

തലക്ക് പരിക്കേറ്റ ആൻഡ്രിയ മകനൊപ്പം ആശുപത്രിയിലെത്തി ചികിത്സ തേടി. പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. ഐ.പി.സി സെക്ഷൻ 324, 504 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. എന്നാൽ, ഇതുവരെ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇരുവരും തമ്മിൽ പ്രശ്നം പറഞ്ഞു തീർത്തതായും റിപ്പോർട്ടുകളുണ്ട്. ഇതാദ്യമായല്ല കാംബ്ലിക്കെതിരെ പരാതി.

2022ൽ മദ്യപിച്ച് കാറോടിച്ചതിന് താരത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കൂടാതെ, വീട്ടു ജോലിക്കാരിയെ മർദിച്ചതിന് കാംബ്ലിക്കും ഭാര്യക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അടുത്തിടെയാണ് താരം മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് ഒരു ജോലി തരപ്പെടുത്തി തരണമെന്ന് അഭ്യർഥിച്ച് രംഗത്തുവന്നത്. ഇതിനായി മദ്യപാനം ഒഴിവാക്കാനും തയാറാണെന്ന് അന്ന് താരം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Wife Andrea Hewitt Lodges FIR Against Vinod Kambli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.