അഞ്ചു റൺസ് വഴങ്ങി അഞ്ചു വിക്കറ്റ്; ആകാശ് മധ്‍വാളിനെ തിരഞ്ഞ് ക്രിക്കറ്റ് പ്രേമികൾ!

അഞ്ചു റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ്! ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരായ ഐ.പി.എൽ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസ് നേടിയ ത്രസിപ്പിക്കുന്ന വിജയത്തിനു പിന്നിലെ എൻജിനീയർ ഉത്തരാഖണ്ഡുകാരനായ പേസർ ആകാശ് മധ്‍വാളായിരുന്നു.

3.3 ഓവറിലാണ് 29കാരനായ താരത്തിന്‍റെ അഞ്ച് വിക്കറ്റ് നേട്ടം. ഐ.പി.എല്ലിലെ റെക്കോഡ് ബൗളിങ് പ്രകടനത്തോടെ അനിൽ കുംബ്ലെ, ജസ്പ്രീത് ബുംറ എന്നിവരടങ്ങുന്ന എലീറ്റ് ക്ലബിലേക്ക് താരവും എത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ എട്ട് വിക്കറ്റിന് 182 റൺസെടുത്തു. ലഖ്നോവിന്‍റെ മറുപടി ബാറ്റിങ് 16.3 ഓവറിൽ 101 റൺസിൽ അവസാനിച്ചു. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസാണ് മുംബൈയുടെ എതിരാളികൾ.

എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ മധ്‍വാൾ, ഉത്തരാഖണ്ഡിൽനിന്ന് ആദ്യമായി ഐ.പി.എൽ കളിക്കുന്ന താരമാണ്. 2022ൽ പരിക്കേറ്റ സൂര്യകുമാർ യാദവിന് പകരക്കാരനായാണ് മുംബൈ ഇന്ത്യൻസിനുവേണ്ടി കളത്തിലിറങ്ങുന്നത്. നാലു വർഷം മുമ്പു വരെ ടെന്നീസ് ബാൾ ക്രിക്കറ്റ് കളിച്ചിരുന്ന താരമാണ് ഇന്നലെ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ മുംബൈ ആരാധകരുടെ മനംകവർന്നത്.

2019ലാണ് മധ്‍വാളിന്‍റെ ബൗളിങ് ഉത്തരാഖണ്ഡ് ടീമിന്‍റെ അന്നത്തെ പരിശീലകനായിരുന്ന വാസിം ജാഫറിന്‍റെയും ഇന്നത്ത പരിശീലകൻ മനീഷ് ജായുടെയും ശ്രദ്ധയിൽപെടുന്നത്. പിന്നാലെ പേസർ റെഡ് ബാളിൽ പരിശീലനം ആരംഭിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തരാഖണ്ഡിനായുള്ള താരത്തിന്‍റെ മിന്നുംപ്രകടനം, 2023 സീസണിൽ ടീമിന്‍റെ നായക പദവിയിലെത്തിച്ചു.

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തുമായി താരത്തിന് അടുത്ത ബന്ധമുണ്ട്. ഇരുവരും വരുന്നത് ഉത്തരാഖണ്ഡിലെ ഒരേ സ്ഥലത്തുനിന്നാണ്. പന്തിനെ പരിശീലിപ്പിച്ച അവതാർ സിങ്ങിനു കീഴിൽ മധ്‍വാളും പരിശീലനം നേടിയിട്ടുണ്ട്. പിന്നീടാണ് പന്ത് ഡൽഹിയിലേക്ക് മാറിയത്. ‘അവൻ (ആകാശ്) കഴിഞ്ഞ വർഷം ഒരു സപ്പോർട്ട് ബൗളറായി ടീമിന്റെ ഭാഗമായിരുന്നു, ജോഫ്ര ആർച്ചർ പോയപ്പോൾ, ഞങ്ങൾക്ക് വേണ്ടി ആ ജോലി ചെയ്യാനുള്ള കഴിവും സ്വഭാവവും അവനുണ്ടെന്ന് മനസ്സിലായി. വർഷങ്ങളായി മുംബൈ ഇന്ത്യൻസിന്‍റെ വിവിധ താരങ്ങൾ ഇന്ത്യക്കായി കളിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്’ -മത്സരശേഷം രോഹിത് ശർമ പറഞ്ഞു.

Tags:    
News Summary - Who Is Akash Madhwal? The Engineer Breaking IPL Bowling Records For Mumbai Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.