ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷകളുമായി കാത്തിരിക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ഫൈനൽ ഇന്ന് ഉച്ചക്കാണ് നടക്കുക. ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്ത ടൂർണമെന്‍റിൽ ആര് കിരീടം ചൂടുമെന്ന ആവേശം ക്രിക്കറ്റ് ആരാധകരിലെല്ലാമുണ്ട്. കഴിഞ്ഞ 15 മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റിനിടെ മൂന്നാം ഐ.സി.സി ഫൈനലിലാണ് ഇന്ത്യ കളത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ ട്വന്‍റി-20 ലോകകപ്പ് വിജയിച്ചത് പോലെ ചാമ്പ്യൻസ് ട്രോഫിയിലും മുത്തമിടാനായിരിക്കും നായകൻ രോഹിത് ശർമയും കൂട്ടരും കച്ചക്കെട്ടുക. മറുവശത്ത് ന്യൂസിലാൻഡും മികവുറ്റ ഫോമിലാണെന്നുള്ളത് മത്സരത്തിന്‍റെ മാറ്റ് കൂട്ടും. ടൂർണമെന്‍റിൽ ഇന്ത്യൻ ടീം അജയ്യരായാണ് മുന്നേറിയതെങ്കിൽ ന്യൂസിലാൻഡ് ഇന്ത്യക്കെതിരെ ഗ്രൂപ്പ് സ്റ്റേജിൽ പരാജയപ്പെട്ടിരുന്നു.
മുൻനിര താരങ്ങളെല്ലാം തന്നെ മികച്ച ഫോമിലുള്ളതിനാൽ ഫൈനൽ പൊടിപൊടിക്കുമെന്നത് തീർച്ചയാണ്. ഇന്ത്യക്കായി 217 റൺസുമായി ഇതിഹാസ താരം വിരാട് കോഹ്ലിയും 195 റൺസുമായി ശ്രേയസ് അയ്യരും റൺവേട്ടയിൽ മുന്നിട്ട് നിൽക്കുന്നു. നാല് സ്പിന്നർമാരുമായെത്തുന്ന ഇന്ത്യയുടെ തന്ത്രം ഫൈനലിലും തുടർന്നേക്കും. മറുവശത്ത് രണ്ട് സെഞ്ച്വറിയുമായി രച്ചിൻ രവീന്ദ്രയും 81, 102 എന്നിങ്ങനെ തുടർച്ചായായി സ്കോർ ചെയ്ത കെയ്ൻ വില്യംസണുമാണ് ന്യൂസിലാൻഡിന്‍റെ ബാറ്റിങ് കരുത്ത്. ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ നയിക്കുന്ന ബൗളിങ് പടയും ഇന്ത്യയെ വെല്ലുവിളിക്കാൻ പോന്നവയാണ്. പേസ് ബൗളർ മാറ്റ് ഹെൻറി കളിക്കുമോ ഇല്ലയോ എന്നുള്ള ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും ന്യൂസിലാൻഡ് അപ്പോഴും മികച്ച സ്ക്വാഡ് തന്നെയാണ്.
ഫൈനൽ എവിടെ കാണാം?
ഇന്ത്യയിൽ, ചാമ്പ്യൻസ് ട്രോഫി ഫൈനലിന്‍റെ തത്സമയ സംപ്രേഷണം സ്റ്റാർ സ്പോർട്‌സ് നെറ്റ്‌വർക്ക് ചാനലുകളിലും സ്പോർട്സ് 18 ലും ലഭ്യമാകും. സ്റ്റാർ സ്പോർട്‌സ് ഔദ്യോഗിക എക്സ് ഹാൻഡിൽ കുറിച്ചത് പ്രകാരം, ഇന്ത്യ-ന്യൂസിലൻഡ് മത്സരം സ്റ്റാർ സ്പോർട്‌സ് 1, സ്റ്റാർ സ്പോർട്‌സ് 1 ഹിന്ദി, സ്റ്റാർ സ്പോർട്‌സ് 2, സ്പോർട്‌സ് 18 1 എന്നിവയിൽ തത്സമയം കാണാം. ദുബൈ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരം 2.30നാണ് ആരംഭിക്കുക. , തത്സമയ സംപ്രേഷണം ഉച്ചയ്ക്ക് 1:30 ന് ആരംഭിക്കും. ടോസ് ഉച്ചയ്ക്ക് രണ്ട് മണിക്കും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.