അഹ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള ഐ.പി.എൽ പോരാട്ടത്തിൽ പിറന്നത് അപൂര്‍വ റെക്കോഡ്. സഹോദരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയുടെയും ക്രുണാല്‍ പാണ്ഡ്യയുടെയും നായകത്വത്തിൽ ടീമുകൾ ഇറങ്ങിയതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യമായി രണ്ട് സഹോദരങ്ങള്‍ നയിച്ച ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്നതിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ടോസ് ചെയ്യാൻ എത്തിയപ്പോൾ ഹാർദിക് ക്രുണാലിന്റെ തൊപ്പിയും കോളറും ശരിയാക്കിയതും പരസ്പരം ആലിംഗനം ചെയ്തതും കാണികൾ കൈയടിയോടെ സ്വീകരിച്ചു.
‘‘വികാരനിർഭരമായ ദിവസമാണിന്ന്. അച്ഛൻ ഇതിൽ അഭിമാനിക്കുമായിരുന്നു. ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാൽ ഞങ്ങളുടെ കുടുംബത്തിന് ഇത് അഭിമാന നിമിഷമാണ്. ഇന്ന് ഒരു പാണ്ഡ്യ തീർച്ചയായും വിജയിക്കും,” ഹാർദിക് പറഞ്ഞു.
2022ൽ അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ഐ.പി.എല്‍ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഹാര്‍ദിക് പാണ്ഡ്യ. ഈ സീസണിലും ടീമിനെ നയിക്കാനുള്ള ദൗത്യം ടീം അധികൃതർ ഏൽപിച്ചത് ഹാര്‍ദികിനെ തന്നെയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ലഖ്‌നോ ക്യാപ്റ്റൻ കെ.എല്‍ രാഹുലിന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായതോടെയാണ് ടീമിനെ നയിക്കാൻ ക്രുണാലിന് അവസരം ലഭിച്ചത്. നായകനായ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് ക്രുണാലും സംഘവും പരാജയമറിഞ്ഞിരുന്നു. ഹാർദികും ക്രുണാലും ആഭ്യന്തര ക്രിക്കറ്റിൽ ബറോഡക്ക് വേണ്ടിയും ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയും ഒരുമിച്ച് കളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.