വിഘ്നേഷ് പുത്തൂർ, ഹാർദിക് പാണ്ഡ്യ
അരങ്ങേറ്റത്തിൽ മൂന്ന് വിക്കറ്റെടുത്ത വിഘ്നേഷ് പുത്തൂർ ഇല്ല, ഹാർദിക് തിരിച്ചെത്തി; ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ
അഹ്മദാബാദ്: ഐ.പി.എല്ലിൽ ഗുജറാത്ത് ജയന്‍റ്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ മൂന്നു വിക്കറ്റോടെ അരങ്ങേറ്റം ഗംഭീരമാക്കിയ മലയാളി താരം വിഘ്നേഷ് പുത്തൂർ ഇല്ലാതെയാണ് ഇന്ന് മുംബൈ ഇറങ്ങുന്നത്. ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.
മുംബൈ പ്ലേയിങ് ഇലവൻ: രോഹിത് ശർമ, റയാൻ റിക്കിൾടൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, നമൻ ധിർ, മിച്ചൽ സാന്‍റ്നർ, ദീപക് ചാഹർ, ട്രെന്‍റ് ബോൾട്ട്, മുജീബുർ റഹ്മാൻ, സത്യനാരായണ രാജു.
ഗുജറാത്ത് പ്ലേയിങ് ഇലവൻ: ശുഭ്മൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്ലർ, ഷെർഫാൻ റുഥർഫോർഡ്, ഷാറുഖ് ഖാൻ, രാഹുൽ തേവാട്ടിയ, റാക്ഷിദ് ഖാൻ, സായ് കിഷോർ, കഗീസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ആദ്യ കളിയിൽ മൂന്ന് വിക്കറ്റുമായി സ്വപ്‌നതുല്യ നേട്ടമാണ് മലപ്പുറം സ്വദേശിയായ വിഘ്നേഷ് ഐ.പി.എല്ലിലേക്കുള്ള വരവറിയിച്ചത്. രോഹിത് ശർമക്ക് പകരം ഇംപാക്ട് പ്ലയറായെത്തിയ വിഘ്നേഷ് നാല് ഓവറിൽ 32 റൺസ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. 26 പന്തിൽ 53 റൺസെടുത്ത് മിന്നും ഫോമിൽ നിന്ന നായകൻ ഋതുരാജ് ഗെയ്‌ക്വാദിനെ വീഴ്ത്തിയാണ് ഈ 24കാരൻ സ്‌പിന്നർ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. നിലയുറപ്പിക്കും മുൻപെ ശിവം ദുബെയെയും ദീപക് ഹൂഡയെയും വിഘ്നേഷ് പുറത്താക്കി.
മികച്ച പ്രകടനം കാഴ്ചവെച്ച വിഘ്നേഷിനെ മുംബൈ ഡ്രസിങ് റൂമിൽ വെച്ച് അഭിനന്ദിച്ചിരുന്നു. മത്സരത്തിന് ശേഷം ടീമിലെ മികച്ച ബൗളർക്കുള്ള അവാർഡ് ടീം ഉടമ നിത അംബാനി വിഘ്നേഷിന് നൽകി. അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷം നിത അമ്പാനിയുടെ കാൽ തൊട്ടുവഴങ്ങിയ വിഘ്നേഷ് നന്ദി പറയുകയും ചെയ്തു. ഇത്രയും വലിയ താരങ്ങളുടെയൊപ്പം കളിക്കാൻ സാധിക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്നും എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.