മുൻ ഇന്ത്യൻ താരം ജവഗൽ ശ്രീനാഥ് ബംഗളൂരുവിൽ മെട്രോ യാത്രക്കിടയിൽ
ബംഗളൂരു: ക്രിക്കറ്റ് ഗ്രൗണ്ടും, ടി.വി സ്ക്രീനുമല്ല. ഒപ്പം പരിവാരങ്ങളും ആരാധക കൂട്ടവുമില്ല. അതിവേഗം പായുന്ന മെട്രോ ട്രെയിനിന്റെ വാതിലിനോട് ചാരി ഒരു ട്രോളി ബാഗും പിടിച്ച്, ചെവിയിൽ ബ്ലൂടൂത്തും തിരുകി ഇതാ ഒരു സെലിബ്രിറ്റി.
സാക്ഷാൽ ജവഗൽ ശ്രീനാഥ്. ക്രിക്കറ്റിനെ ഹരമാക്കി ഒരു തലമുറ ആരാധനയോടെ കൊണ്ടുനടന്ന ഇന്ത്യയുടെ പേസ് ബൗളർ. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലായിരുന്നു ശ്രീനാഥിന്റെ ഈയൊരു ചിത്രം നിറഞ്ഞോടിയത്. ബംഗളൂരുവിലെ നമ്മ മെട്രോയിലായിരുന്നു സാധാരണക്കാരിൽ സാധാരണക്കാരനായി താരജാടകളൊന്നുമില്ലാതെ മുൻ ഇതിഹാസത്തിന്റെ യാത്ര.
യാത്രക്കിടെ തിരിച്ചറിഞ്ഞ ഏതോ ആരാധകൻ പകർത്തിയ ചിത്രം പങ്കുവെച്ച ശ്രീനാഥിന്റെ ക്രിക്കറ്റ് കരിയർ ഓർമകൾ പങ്കുവെക്കുന്ന പോസ്റ്റുകളായിരുന്നു നിറയെ. 1990കളിൽ അരങ്ങേറി ഇന്ത്യക്കായി 67 ടെസ്റ്റ് മത്സരവും 229 ഏകദിനവും കളിച്ചതാരം 2003ലാണ് വിരമിക്കുന്നത്.
ശ്രീനാഥിന്റെ ലളിതമായ ജീവിതവും, താരജാടയില്ലാത്ത പെരുമാറ്റവുമെല്ലാം ചിത്രത്തിനു പിന്നാലെ വീണ്ടും ചർച്ചയായി. ബംഗളൂരു മെട്രോയിൽ പരിവാരങ്ങളോ സുരക്ഷയോ ഇല്ലാത്ത പതിവ് യാത്രികനാണ് ശ്രീനാഥെന്നും ചിലർ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.