ജൊഹാനസ്ബർഗ്: അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 245 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 244 റൺസെടുത്തു.
ഓപ്പണർ ലുവൻ-ഡ്രെ പ്രിട്ടോറിയസാണ് പ്രോട്ടീസിന്‍റെ ടോപ് സ്കോറർ. 102 പന്തിൽ 76 റൺസെടുത്താണ് താരം പുറത്തായത്. റിച്ചാർഡ് സെലറ്റ്‌സ്‌വാനെ 100 പന്തിൽ 64 റൺസെടുത്തു. ഇന്ത്യക്കായി രാജ് ലിംബാനി മൂന്നു വിക്കറ്റും മുഷീർ ഖാൻ രണ്ടു വിക്കറ്റും വീഴ്ത്തി. സ്റ്റീവ് സ്റ്റോക് (17 പന്തിൽ 14), ഡേവിഡ് ടീഗർ (പൂജ്യം), ഒലീവർ വൈറ്റ്ഹെഡ് (34 പന്തിൽ 22), ഡെവാൻ മറൈസ് (ഏഴു പന്തിൽ മൂന്ന്), നായകൻ യുവാൻ ജെയിംസ് (19 പന്തിൽ 24) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ഏഴു റൺസുമായി റിലേ നോർട്ടണും 23 റൺസുമായി ട്രിസ്റ്റാൻ ലൂസും പുറത്താകാതെ നിന്നു.
ഇന്ത്യക്കായി നമൻ തിവാരി, സൗമ്യ പാണ്ഡെ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടർച്ചയായ അഞ്ചു ജയങ്ങളുമായാണ് ഇന്ത്യൻ കൗമാര താരങ്ങൾ സെമിയിലെത്തിയത്. അഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ സ്റ്റീവിനെ വിക്കറ്റ് കീപ്പറുടെ കൈയിലെത്തിച്ച് ലിംബാനിയാണ് ആദ്യ വിക്കറ്റെടുത്തത്.
ഒമ്പതാം ഓവറിൽ ഡേവിഡിനെ ബൗൾഡാക്കി ലിംബാനി ആതിഥേയരെ പ്രതിരോധത്തിലാക്കി. ഈസമയം സ്കോർ ബോർഡിൽ 46 റൺസ്. മൂന്നാം വിക്കറ്റിൽ പ്രിട്ടോറിയസും റിച്ചാർഡും ചേർന്നാണ് ടീം സ്കോർ 100 കടത്തിയത്.
ക്രീസിൽ നിലയുറപ്പിച്ച പ്രിട്ടോറിയസിനെ പുറത്താക്കി മുഷീർ ഖാനാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. അഭിഷേകിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. ടീം സ്കോർ 160 കടന്നതിനു പിന്നാലെ ഒലീവർ മുഷീർ ഖാന്‍റെ പന്തിൽ പുറത്തായി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതാണ് ആതിഥേയരെ 244ൽ ഒതുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.