രണ്ട് സെഞ്ച്വറി, മൂന്നുപേർക്ക് അർധസെഞ്ച്വറി; ധരംശാലയെ വരുതിയിലാക്കി ഇന്ത്യ

ധരംശാല: ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും സെഞ്ച്വറിയുമായും യശസ്വി ജയ്സ്വാളും ദേവ്ദത്ത് പടിക്കലും സർഫറാസ് ഖാനും അർധസെഞ്ച്വറികളുമായും കളം നിറഞ്ഞതോടെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ വൻ ലീഡിലേക്ക്. രണ്ടാം ദിനം സ്​റ്റമ്പെടുക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 473 റൺസെന്ന നിലയിലാണ് ആതിഥേയർ. രണ്ട് വിക്കറ്റ് ശേഷിക്കെ 255 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി ഇന്ത്യക്ക്.

ആദ്യ അഞ്ചുപേരും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും തുടർന്നെത്തിയ രവീന്ദ്ര ജദേജ (15), ധ്രുവ് ജുറേൽ (15), രവിചന്ദ്രൻ അശ്വിൻ (0) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ സ്കോർ 450 കടക്കില്ലെന്ന് തോന്നിച്ചെങ്കിലും ഒമ്പതാം വിക്കറ്റിൽ ഒത്തുചേർന്ന കുൽദീപ് യാദവും (27 നോട്ടൗട്ട്), ജസ്പ്രീത് ബുംറയും (19 നോട്ടൗട്ട്) കൂടുതൽ നഷ്ടങ്ങളില്ലാതെ രണ്ടാം ദിനം അവസാനിപ്പിക്കുകയായിരുന്നു. ഇരുവരും ചേർന്ന് ഇതുവരെ 45 റൺസ് ചേർത്തിട്ടുണ്ട്. ഇംഗ്ലണ്ടിനായി ശുഐബ് ബഷീർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ടോം ഹാർട്ട്‍ലി രണ്ടും ജെയിംസ് ആൻഡേഴ്സൺ, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റും നേടി.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 218 റൺസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമയും ശുഭ്മൻ ഗില്ലും തകർപ്പൻ സെഞ്ച്വറിയാണ് നേടിയത്. 162 പന്തിൽ മൂന്ന് സിക്സും 13 ഫോറുമടക്കം 103 റൺസെടുത്ത രോഹിതിനെ ബെൻ സ്റ്റോക്സും 141 പന്തിൽ അഞ്ച് സിക്സും പത്ത് ഫോറുമടക്കം 100 റൺസെടുത്ത ഗില്ലിനെ ജെയിംസ് ആൻഡേഴ്സണും ബൗൾഡാക്കുകയായിരുന്നു. അർധസെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടത്തിൽ 135 റൺസുമായി രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യക്കായി രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 171 റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്.

ശേഷം ​ഒന്നിച്ച ദേവ്ദത്ത്-സർഫറാസ് സഖ്യവും ഇംഗ്ലീഷ് ബൗളർമാരെ നിർഭയം നേരിട്ടു. അരങ്ങേറ്റത്തിനിറങ്ങി 103 പന്തിൽ ഒരു സിക്സും 10 ഫോറും സഹിതം 65 റൺസെടുത്ത ദേവ്ദത്തിനെ ശുഐബ് ബഷീർ ബൗൾഡാക്കിയപ്പോൾ 60 പന്തിൽ ഒരു സിക്സും എട്ട് ഫോറുമടക്കം 56 റൺസെടുത്ത സർഫറാസിനെ ശുഐബ് ബഷീറിന്റെ തന്നെ പന്തിൽ ജോ റൂട്ട് പിടികൂടുകയായിരുന്നു. 

Tags:    
News Summary - Two centuries, three half-centuries; India in driving seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.