കൊളംബോ: അവസാന ഓവറുകളിലെ നാടകീയമായ ബൗളിംഗ് മികവിൽ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക 'എ' ടീമിനെതിരെ ഇന്ത്യ 'എ'ക്ക് എട്ട് റൺസിന്റെ ആവേശജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 'എ' റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 'എ' 48.5 ഓവറില്‍ 269 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 72 പന്തില്‍ 74 റണ്‍സടിച്ച ലങ്കൻ ക്യാപ്റ്റൻ സഹന്‍ ആരാച്ചിഗെയുടെ പോരാട്ടം ഒരു ഘട്ടത്തിൽ ലങ്കയെ വിജയത്തിന് തൊട്ടടുത്തെത്തിച്ചിരുന്നു. നാലു വിക്കറ്റ് കൈയിലിരിക്കെ അവസാന മൂന്നോവറില്‍ ജയിക്കാന്‍ 17 റണ്‍സ് മാത്രം മതിയായിരുന്ന ലങ്കയെ അൻഷുൽ കാംബോജും അർഷദ് ഖാനും ചേർന്നാണ് വീഴ്ത്തിയത്. 48-ാം ഓവറിലെ രണ്ടാം പന്തിൽ സഹൻ ആരാച്ചിഗെയെ അസാധ്യമായൊരു യോർക്കറിലൂടെ ബൗൾഡാക്കി അൻഷുൽ കാംബോജാണ് ഇന്ത്യക്ക് നിർണായക ബ്രേക്ക് ത്രൂ നൽകിയത്. തുടർന്ന് അവസാന രണ്ടോവറില്‍ ലക്ഷ്യം 10 റണ്‍സായിരിക്കെ 49-ാം ഓവർ എറിഞ്ഞ അര്‍ഷദ് ഖാന്‍ ലങ്കൻ വാലറ്റത്തെ തകർത്തു. വിയാസ്‌കന്തിനെ (4) വിക്കറ്റിന് മുന്നില്‍ കുടുക്കിയ അർഷദ്, തൊട്ടടുത്ത പന്തിൽ വാനുജ സഹനെ (23) റണ്ണൗട്ടാക്കാനും വഴിയൊരുക്കി. ഒടുവിൽ അഞ്ചാം പന്തില്‍ മുഹമ്മദ് ഷിറാസിനെ ബൗണ്ടറിയിൽ വിപ്രജ് നിഗം പറന്നു പിടിച്ചതോടെ ഇന്ത്യ അവിശ്വസനീയ ജയം സ്വന്തമാക്കുകയായിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 'എ'ക്കായി 114 പന്തിൽ 101 റൺസെടുത്ത റുതുരാജ് ഗെയ്‌ക്‌വാദിന്റെ ഉജ്ജ്വല സെഞ്ചുറിയും, 97 പന്തിൽ 60 റൺസെടുത്ത ക്യാപ്റ്റൻ തിലക് വർമയുടെ അർധസെഞ്ചുറിയുമാണ് മികച്ച സ്കോറിന് അടിത്തറയിട്ടത്. ഓപ്പണർ വൈഭവ് സൂര്യവംശിയും (14), പ്രഭ്സിമ്രാൻ സിംഗും (2) നിരാശപ്പെടുത്തിയെങ്കിലും പ്രിയാൻഷ് ആര്യ (32), സുയാൻഷ് ഷെഡ്ജെ (26*) എന്നിവർ ഇന്ത്യൻ ഇന്നിങ്സിന് കരുത്തായി. മറുപടി ബാറ്റിംഗിൽ ലങ്കയ്ക്കായി ഓപ്പണർമാരായ നിരോഷൻ ഡിക്‌വെല്ലയും (47), ആവിഷ്ക ഫെർണാണ്ടോയും (45) ചേർന്ന് ഒന്നാം വിക്കറ്റിൽ 93 റൺസ് അടിച്ചുകൂട്ടി മികച്ച തുടക്കം നൽകിയെങ്കിലും ഇരുവരെയും പുറത്താക്കി ആയുഷ് ബദോനിയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മധ്യനിരയിൽ സദീര സമരവിക്രമയും (46) പൊരുതി നോക്കി. ഇന്ത്യക്കായി അർഷദ് ഖാൻ, അനുകൂൽ റോയ്, ആയുഷ് ബദോനി, വിപ്രജ് നിഗം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ അടുത്ത മത്സരത്തിൽ വ്യാഴാഴ്ച ഇന്ത്യ 'എ' അഫ്ഗാനിസ്ഥാൻ 'എ' ടീമിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.