ഇന്ത്യൻ ടി-20 നായകസ്ഥാനത്തേക്ക് സഞ്ജു സാംസൺ? സൂര്യയുടെ പകരക്കാരായി സഞ്ജുവും ശ്രേയസും തിലകും പരിഗണനയിൽ

മുംബൈ: വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടി-20 ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ മാറ്റിയതിനെ തുടർന്ന് പകരക്കാരുടെ സാധ്യതാപ്പട്ടികയിൽ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. സഞ്ജുവിനൊപ്പം ശ്രേയസ് അയ്യരും നായകസ്ഥാനത്തേക്ക് ശക്തമായ മത്സരരംഗത്തുണ്ട്. പുതിയ ലോകകപ്പ് സൈക്കിളിന് മുന്നോടിയായി പുതിയ നായകനെ കണ്ടെത്താൻ ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റിയും ടീം മാനേജ്‌മെന്റും ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

ഐ.പി.എല്ലിലെ ക്യാപ്റ്റൻസി മികവും പരിചയസമ്പത്തുമാണ് സഞ്ജു സാംസണെ നായകസ്ഥാനത്തേക്ക് പരിഗണിക്കാൻ ബി.സി.സി.ഐയെ പ്രേരിപ്പിക്കുന്നത്. അതേസമയം, 2025 സീസണിൽ പഞ്ചാബ് കിങ്‌സിനെ ഐ.പി.എൽ ഫൈനലിൽ എത്തിച്ചതാണ് ശ്രേയസ് അയ്യർക്ക് കരുത്താകുന്നത്. എന്നാൽ ഈ സീസണിൽ പഞ്ചാബിന് പ്ലേ ഓഫിൽ കടക്കാനായിരുന്നില്ല. ഇവർക്ക് പുറമെ നിലവിലെ വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലിന്റെ പേരും ബി.സി.സി.ഐയുടെ പരിഗണനയിലുണ്ട്.

ബാറ്റിംഗിലെ സൂര്യകുമാറിന്റെ തുടർച്ചയായ പരാജയങ്ങളാണ് താരത്തിന് വിനയായത്. ഈ വർഷം ഇന്ത്യയെ ടി-20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചെങ്കിലും, ഇക്കഴിഞ്ഞ 2026 ഐ.പി.എൽ സീസണിൽ 13 ഇന്നിങ്സുകളിൽ നിന്ന് 20.76 ശരാശരിയിൽ വെറും 270 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ലോകകപ്പ് നേട്ടത്തിന്റെ പശ്ചാത്തലത്തിൽ സൂര്യയ്ക്ക് ഇംഗ്ലണ്ട് പര്യടനത്തിൽ കൂടി അവസരം നൽകണമെന്ന് ബോർഡിലെ ഒരു വിഭാഗത്തിന് താല്പര്യമുണ്ടായിരുന്നു. എന്നാൽ, വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള സാധ്യതാ ടീമിൽ നിന്ന് താരത്തെ ഒഴിവാക്കിയത് മാറ്റങ്ങളുടെ ആദ്യ സൂചനയായി. പരിശീലകൻ ഗൗതം ഗംഭീറുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പുതിയൊരു നായകനെ കണ്ടെത്താൻ ബി.സി.സി.ഐ തീരുമാനിച്ചത്.

ഭാവിയിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ പാകത്തിൽ യുവതാരം തിലക് വർമ്മയെ വാർത്തെടുക്കാനും ബി.സി.സി.ഐ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി തിലകിനെ നിയമിച്ചത്. എന്നാൽ സീനിയർ തലത്തിൽ ക്യാപ്റ്റൻസി പരിചയം കുറവായതിനാൽ പെട്ടെന്ന് തന്നെ സീനിയർ ടീമിന്റെ ചുമതല തിലകിന് നൽകിയേക്കില്ല.

Tags:    
News Summary - Suryakumar Yadav set to be removed as India T20I captain; Shreyas Iyer, Sanju Samson frontrunners for replacement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.