സായ് സുദർശനു പിന്നാലെ 700 റൺസ് താണ്ടി സൂര്യകുമാർ; ഒപ്പം ഡിവിലിയേഴ്സിന്‍റെ റെക്കോഡും തകർന്നു

അഹ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിലാണ് ടീം ഇന്ത്യയുടെ ട്വന്‍റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. രണ്ടാം ക്വാളിഫ‍യറിൽ പഞ്ചാബ് കിങ്സിനോട് തോറ്റ് മുംബൈ ഇന്ത്യൻസ് പുറത്തായെങ്കിലും മികച്ച പ്രകടനമാണ് സൂര്യ പുറത്തെടുത്തത്. 26 പന്തിൽ നാല് ഫോറും മൂന്ന് സിക്സും സഹിതം 44 റൺസാണ് താരം അടിച്ചെടുത്തത്. ഇതോടെ സീസണിൽ 700നു മുകളിൽ റൺസെടുക്കുന്ന രണ്ടാമത്തെ താരമാകാനും സൂര്യക്കായി.

ഐ.പി.എൽ ചരിത്രത്തിൽ 700ലേറെ റൺസടിക്കുന്ന, ഓപണറല്ലാത്ത ആദ്യ താരമാണ് സൂര്യകുമാർ. നോൺ-ഓപണർമാരിൽ ഒരു സീസണിൽ ഏറ്റവുമധികം റൺസ് നേടിയതിന്‍റെ റെക്കോർഡ് സ്വന്തമാക്കിവെച്ചിരുന്ന എബി ഡിവിലിയേഴ്സിന്‍റെ നേട്ടം മറികടക്കാനും സൂര്യക്കായി. 2016 സീസണിൽ 16 മത്സരങ്ങളിൽനിന്ന് 687 റൺസാണ് ഡിവിലിയേഴ്സ് സ്വന്തമാക്കിയത്. ക്വാളിഫയർ 2ലെ പ്രകടനത്തോടെ, സൂര്യകുമാറിന് സീസണിലെ സമ്പാദ്യം 717 റൺസായി. സീസണിൽ 759 റൺസ് നേടിയ ഗുജറാത്ത് ടൈറ്റൻസിന്‍റെ സായ് സുദർശനാണ് റൺവേട്ടയിൽ ഒന്നാമത്.

സ്ഥിരതയാർന്ന പ്രകടനവുമായി സീസണിൽ തിളങ്ങിയ സൂര്യ, സീസണിൽ അഞ്ച് ഹാഫ് സെഞ്ച്വറികളാണ് നേടിയിട്ടുള്ളത്. സീസണു മുന്നോടിയായി നടന്ന ഏതാനും മത്സരങ്ങളിൽ സൂര്യയുടേത് മോശം പ്രകടമായിരുന്നു. എന്നാൽ ‘മിസ്റ്റർ 360’ എന്ന വിളിപ്പേര് വിട്ടുനൽകാൻ താൻ തയാറല്ലെന്ന് വിളിച്ചുപറയുന്ന പ്രകടനമാണ് താരം സീസണിൽ പുറത്തെടുത്തത്. മുംബൈ ഇന്ത്യൻസിന്‍റെ പ്ലേഓഫ് പ്രവേശനത്തിൽ സൂര്യയുടെ പ്രകടനം നിർണായകമായിരുന്നു.

അതേസമയം രണ്ടാം ക്വാളിഫയറിൽ മുംബൈയെ അഞ്ച് വിക്കറ്റിന് തറപറ്റിച്ചാണ് പഞ്ചാബ് കിങ്സ് ഫൈനൽ ബർത്തുറപ്പിച്ചത്. സൂര്യക്കൊപ്പം തിലക് വർമയും (44) മുംബൈ ടീമിനായി തിളങ്ങിയപ്പോൾ 204 റൺസിന്‍റെ വിജയലക്ഷ്യമാണ് പഞ്ചാബിന് മുന്നിലുയർന്നത്. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (87*), നേഹൽ വധേര (48) എന്നിവരുടെ വെടിക്കെട്ടാണ് ഒരോവർ ബാക്കി നിൽക്കേ പഞ്ചാബിന് ജയം സമ്മാനിച്ചത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവാണ് കിങ്സിന്‍റെ എതിരാളികൾ.

Tags:    
News Summary - Suryakumar Yadav breaks AB de Villiers' record with 700 plus runs in IPL 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.