സൂര്യയുടെയും കിഷാന്റെയും സംഹാര താണ്ഡവം; ബംഗളൂരുവിനെതിരെ മുംബൈക്ക് അനായാസ ജയം

മുംബൈ: അതിവേഗ അർധസെഞ്ച്വറികളുമായി സൂര്യകുമാർ യാദവും ഇഷാൻ കിഷനും തകർത്തടിച്ച മത്സരത്തിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ ജയം. 197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 15.3 ഓവറിൽ മൂന്ന് വിക്കറ്റ് മാ​ത്രം നഷ്ടത്തിൽ ജയം പിടിക്കുകയായിരുന്നു.

ഓപണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് തട്ടുപൊളിപ്പൻ തുടക്കമാണ് മുംബൈക്ക് നൽകിയത്. ഇരുവരും ചേർന്ന് 8.5 ഓവറിൽ 101 റൺസാണ് അടിച്ചുകൂട്ടിയത്. 34 പന്തിൽ അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 69 റൺസെടുത്ത കിഷനെ ആകാശ് ദീപ് വിരാട് കോഹ്‍ലിയുടെ കൈയിലെത്തിച്ചതോടെയാണ് ഈ കൂട്ടുകെട്ടിന് വിരാമമായത്. രോഹിത് ശർമയും (24 പന്തിൽ 38) വൈകാതെ വീണെങ്കിലും രണ്ടുതവണ ബംഗളൂരു ഫീൽഡർമാരുടെ കൈയിൽനിന്ന് ജീവൻ ലഭിച്ച സൂര്യയുടെ സംഹാര താണ്ഡവത്തിനാണ് പിന്നീട് മുംബൈ വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 17 പന്തിൽ നാല് കൂറ്റൻ സിക്സറുകളും അഞ്ച് ഫോറും സഹിതം അർധസെഞ്ച്വറി കടന്ന സൂര്യ രണ്ട് പന്ത് കൂടി നേരിട്ട് വിൽ ജാക്സിന്റെ പന്തിൽ മഹിപാൽ ലൊംറോറിന് പിടികൊടുത്ത് മടങ്ങി.

പിന്നീട് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (ആറ് പന്തിൽ മൂന്ന് സിക്സടക്കം 21), തിലക് വർമയും (10 പന്തിൽ 16) ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. ബംഗളൂരുവിനായി ആകാശ് ദീപ്, വിജയ്കുമാർ വൈശാഖ്, വിൽ ജാക്സ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിയുടെയും രജത് പാട്ടിദാറിന്റെയും ദിനേശ് കാർത്തികിന്റെയും അർധസെഞ്ച്വറികളുടെ മികവിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ബംഗളൂരു 197 റൺസ് അടിച്ചെടുത്തത്. നാലോവറിൽ 21 റൺസ് മാത്രം വഴങ്ങി അഞ്ചുപേരെ മടക്കിയ പേസർ ജസ്പ്രീത് ബുംറയാണ് 200 കടക്കുന്നതിൽനിന്ന് ബംഗളൂരുവിനെ തടഞ്ഞുനിർത്തിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് തകർപ്പൻ ഫോമിലുള്ള വിരാട് കോഹ്‍ലിയെ തുടക്കത്തിലേ നഷ്ടമായിരുന്നു. ഒമ്പത് പന്ത് നേരിട്ട് മൂന്ന് റൺസ് മാത്രം നേടിയ കോഹ്‍ലിയെ ബുംറയുടെ പന്തിൽ ഇഷാൻ കിഷൻ പിടികൂടുകയായിരുന്നു. വൺഡൗണായെത്തിയ വിൽ ജാക്സും (ആറ് പന്തിൽ എട്ട്) പെട്ടെന്ന് മടങ്ങി. എന്നാൽ, തുടർ​ന്നെത്തിയ രജത് പാട്ടിദാറും ഒരുവശത്ത് പിടിച്ചുനിന്ന ക്യാപ്റ്റൻ ഡു പ്ലസിയും ചേർന്ന് മികച്ച കൂട്ടുകെട്ടുയർത്തിയതോടെയാണ് ബംഗളൂരു ഇന്നിങ്സിന് ജീവൻവെച്ചത്. ഇരുവരും ചേർന്ന് 47 പന്തിൽ 82 റൺസാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. 26 പന്തിൽ നാല് സിക്സും മൂന്ന് ഫോറുമടക്കം 50 റൺസ് നേടിയ പാട്ടിദാർ കോയറ്റ്സിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈയിലൊതുങ്ങിയതോടെയാണ് ഈ കൂട്ടുകെട്ടിന് വിരാമമായത്. പാട്ടിദാർ പുറത്തായ ശേഷമെത്തിയ കൂറ്റനടിക്കാരൻ ​െഗ്ലൻ മാക്സ്വെൽ ഇത്തവണയും അമ്പേ പരാജയമായി. നാല് പന്ത് നേരിട്ടിട്ടും റൺസൊന്നും എടുക്കാനാവാതിരുന്ന താരം ശ്രേയസ് ഗോപാലിന്റെ പന്തിൽ വിക്കറ്റിന് മുമ്പിൽ കുടുങ്ങുകയായിരുന്നു.

40 പന്തിൽ മൂന്ന് സിക്സും നാല് ഫോറുമടക്കം 60 റൺസടിച്ച ഫാഫ് ഡു പ്ലസിയെ ബുംറയുടെ പന്തിൽ ടിം ഡേവിഡ് പിടികൂടിയതോടെ സ്കോർ അഞ്ചിന് 153 എന്ന നിലയിലായി. അവസാന ഘട്ടത്തിൽ ദിനേശ് കാർത്തിക് നടത്തിയ പോരാട്ടമാണ് സ്കോർ 190 കടത്തിയത്. 23 പന്തിൽ നാല് സിക്സും അഞ്ച് ഫോറുമടക്കം 53 റൺസുമായി താരം പുറത്താകാതെനിന്നു. മഹിപാൽ ലൊംറോർ (0), സൗരവ് ചൗഹാൻ (9), വിജയ്കുമാർ വൈശാഖ് (0) എന്നിവർ വേഗത്തിൽ മടങ്ങിയപ്പോൾ രണ്ട് റൺസുമായി ആകാശ് ദീപ് ദിനേശ് കാർത്തികിനൊപ്പം പുറത്താകാതെ നിന്നു. മുംബൈക്ക് വേണ്ടി ബുംറക്ക് പുറമെ ജെറാൾഡ് കോയറ്റ്സി, ആകാശ് മദ്വാൾ, ശ്രേയസ് ഗോപാൽ എന്നിവർ ഓ​രോ വിക്കറ്റ് നേടി.

Tags:    
News Summary - Surya and Kishan's fastest fiftees; Easy win for Mumbai against Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.