മുംബൈ: ഐ.പി.എല്ലിൽ പോരാട്ടം നിർണായകഘട്ടത്തിലേക്ക് കടക്കുന്നതിനിടെ ഏവരെയും ഞെട്ടിച്ച് താരങ്ങൾക്ക് അവധിയാഘോഷിക്കാൻ അവസരം നൽകി സൺറൈസേഴ്സ് ഹൈദരാബാദ്. ടീം താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫും അവധിയാഘോഷിക്കാനായി മാലദ്വീപിലേക്ക് പറന്നു. ടീം അവരുടെ ഔദ്യഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
താരങ്ങൾ മാലദ്വീപ് വിമാനത്തിൽ എത്തിയതിന്‍റെയും ഹോട്ടലുകളിലേക്ക് പോകുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അടുത്ത മത്സരത്തിന് നീണ്ട ഇടവേള ലഭിച്ചതോടെയാണ് താരങ്ങൾക്ക് മാനേജ്മെന്‍റ് അവധിയാഘോഷത്തിന് അവസരമൊരുക്കിയത്. മെയ് രണ്ടിന് ഗുജറാത്ത് ടൈറ്റൻസിനെതിരായണ് ടീമിന്‍റെ അടുത്ത മത്സരം.
നിലവിൽ ഐ.പി.എൽ പോയന്‍റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ഹൈദരാബാദ്. ഒമ്പത് മത്സരങ്ങളിൽ മൂന്നു ജയവും ആറു തോൽവിയും. കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ചതാണ് ടീമിന്‍റെ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തിയത്. ഇനിയുള്ള എല്ലാ മത്സരങ്ങളിലു ടീമിന് ജയം അനിവാര്യമാണ്. അതേസമയം, ടേബിളിൽ അവസാന സ്ഥാനത്തുള്ള ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചു.
ഹൈദരാബാദിനോട് സ്വന്തം തട്ടകമായ ചെപ്പോക്കിൽ അഞ്ച് വിക്കറ്റിനാണ് ധോണിയും സംഘവു പരാജയപ്പെട്ടത്. നിർണായക മത്സരത്തിൽ ബാറ്റർമാർ അവസരത്തിനൊത്ത് ഉയരാഞ്ഞതും ബൗളർമാരും ഫീൽഡിങ് യൂണിറ്റും ഉഴപ്പിയതും സി.എസ്.കെയുടെ പരാജയം എളുപ്പമാക്കി. സ്കോർ: ചെന്നൈ സൂപ്പർ കിങ്സ് - 19.5 ഓവറിൽ 154ന് പുറത്ത്, സൺറൈസേഴ്സ് ഹൈദരാബാദ് - 18.4 ഓവറിൽ അഞ്ചിന് 155.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.