‘ഏകദിന ലോകകപ്പ് കഴിഞ്ഞാൽ ഈ താരത്തെ നായകനാക്കൂ...’; രോഹിത് ശർമയുടെ പിൻഗാമിയെ ‘പ്രഖ്യാപിച്ച്’ ഗവാസ്കർ

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയുടെ പിൻഗാമിയെ പ്രഖ്യാപിച്ച് മുൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ. ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പ് കഴിഞ്ഞാൽ ഈ താരത്തെ നായക സ്ഥാനത്ത് പ്രതിഷ്ഠിക്കണമെന്നാണ് ഗവാസ്കർ പറയുന്നത്.

ആസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി സ്വന്തമാക്കിയ ഇന്ത്യക്കു മുന്നിൽ ഇനിയുള്ള വലിയ ലക്ഷ്യം ഒക്ടോബറിൽ രാജ്യം വേദിയാകുന്ന ഏകദിന ലോകകപ്പാണ്. ഓസീസിനെതിരെ ഈമാസം 17ന് ആരംഭിക്കുന്ന ഏകദിന പരമ്പര അതിനുള്ള മുന്നൊരുക്കം കൂടിയാണ്. മുംബൈയിലാണ് ആദ്യ മത്സരം. നിലവിൽ ബാറ്റർ രോഹിത് ശർമയാണ് ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് നായകൻ.

ലോകകപ്പിനുശേഷം രോഹിത്തിൽനിന്ന് നായക പദവി ഏറ്റെടുക്കാൻ കഴിവുള്ള മികച്ച താരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണെന്ന് ഗവാസ്കർ പറയുന്നു. നിലവിൽ ഇന്ത്യയുടെ ട്വന്‍റി20 നായകനാണ് ഹാർദിക്. അടുത്തിടെ താരത്തിന്‍റെ നേതൃത്വത്തിൽ ഇന്ത്യ ട്വന്‍റി20യിൽ മികച്ച വിജയങ്ങൾ സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് പ്രഥമ സീസണിൽതന്നെ കിരീടം നേടി കൊടുക്കുന്നതിലും താരം നിർണായക പങ്കുവഹിച്ചു. ഹാർദിക് സഹതാരങ്ങൾക്ക് സ്വാഭാവിക പ്രകടനത്തിന് അവസരം നൽകുന്നയാളാണെന്നും ഒരു മികച്ച നേതാവിന്‍റെ ലക്ഷണമാണിതെന്നും ഗവാസ്കർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു. ഓസീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ രോഹിത് കളിക്കുന്നില്ല. പകരം ഹാർദിക്കാണ് ടീമിനെ നയിക്കുക.

‘ഹാർദിക് പാണ്ഡ്യ നായകനാകുമ്പോൾ ടീമിലെ സഹതാരങ്ങൾക്ക് വലി മനസ്സുഖം തോന്നും. ഒരുപക്ഷേ, കളിക്കാരെ അവൻ കൈകാര്യം ചെയ്യുന്ന രീതി കൊണ്ടായിരിക്കാം, കളിക്കാരുടെ തോളിൽ അവൻ കൈ വെക്കുന്നു. അവൻ കളിക്കാരെ ആശ്വസിപ്പിക്കുന്നു. ഒരു കളിക്കാരന് അത് വലിയ ആശ്വാസമാണ്, അതിലൂടെ താരങ്ങൾക്ക് സ്വാഭാവിക ഗെയിം കളിക്കാൻ കഴിയും. അവൻ സഹതാരങ്ങളെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്നതായി ഞാൻ കരുതുന്നു, അതൊരു നല്ല ലക്ഷണമാണ്’ -ഗവാസ്‌കർ പറഞ്ഞു.

തീർച്ചയായും മധ്യനിരയിൽ ഹാർദിക്കിന് ഒരു ഇംപാക്ട് പ്ലെയറും അതുപോലെ തന്നെ ഒരു ഗെയിം ചേഞ്ചറും ആകാൻ കഴിയും. രോഹിത്തിൽനിന്ന് ഏകദിന നായക സ്ഥാനം ഹാർദിക് ഏറ്റെടുക്കണമെന്നും ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഇന്ത്യൻ ടീമിനെ അദ്ദേഹം നയിക്കണമെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Sunil Gavaskar Names Rohit Sharma's Successor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT