ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു; നാല് സ്പിന്നർമാരെ അണിനിരത്തി ഇന്ത്യ, ഋഷഭ് പന്ത് ടീമിൽ

കൊൽക്കത്ത: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ടീമിൽ തിരിച്ചെത്തി. സ്പിന്നിനെ തുണക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈഡൻ ഗാർഡൻസിലെ പിച്ചിൽ രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ എന്നിവരെയാണ് രംഗത്തിറക്കുന്നത്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും തന്നെയാണ് പേസ് ബൗളിങ് നയിക്കുന്നത്.

ഇന്ത്യ പ്ലെയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവൻ: എയ്ഡൻ മർക്രം, റയാൻ റിക്കൽടൺ, വിയാൻ മൾഡർ, ടെംബ ബാവുമ (ക്യാപ്റ്റൻ), ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്‌സ്, കൈൽ വെറെയ്‌നെ (വിക്കറ്റ് കീപ്പർ), സൈമൺ ഹാർമർ, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്.

ഇന്ത്യയിൽ ടെസ്റ്റ് കളിക്കാനെത്തുന്ന മിക്ക ടീമുകളുടെയും പേടിസ്വപ്നം സ്പിന്നിനെ അകമഴിഞ്ഞ് തുണക്കുന്ന പിച്ചുകളും ആതിഥേയ ടീമിന്റെ സ്പിൻ പടയുമാണ്. ഹോം ഗ്രൗണ്ടിലെ ഇന്ത്യൻ മേധാവിത്വവും സ്പിന്നർമാരുടെ റെക്കോഡും നോക്കുമ്പോൾ അത് സ്വാഭാവികവുമാണ്.

എന്നാൽ, ഇത്തവണ കാര്യങ്ങൾ കുറച്ച് വ്യത്യസ്തമാണ്. പഞ്ചദിന ഫോർമാറ്റിൽ ലോകചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക ഇന്ത്യൻ മണ്ണിലെത്തുമ്പോൾ ആതിഥേയരാണ് എതിരാളികളുടെ സ്പിൻ ബൗളിങ്ങിനെ ഒട്ടൊന്ന് ഭയക്കുന്നത്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, പാകിസ്താനെതിരെ അടുത്തിടെ 1-1ന് അവസാനിച്ച പരമ്പരയിൽ ദക്ഷിണാഫ്രിക്കയുടെ ബൗളർമാർ വീഴ്ത്തിയ 39 വിക്കറ്റുകളിൽ 35ഉം കേശവ് മഹാരാജ്, സെനുരാൻ മുത്തുസ്വാമി, സൈമൺ ഹാമർ സ്പിൻ ത്രയത്തിന്റെ സംഭാവനയായിരുന്നു എന്നതാണത്.

പാകിസ്താന്റെ സ്പിന്നർമാരായ നുഅ്മാൻ അലി, സാജിദ് ഖാൻ, ആസിഫ് അഫ്രീദി, സൽമാൻ ആഗ എന്നിവർക്ക് 27 വിക്കറ്റേ എടുക്കാനായുള്ളൂ എന്നത് ഇതിനോട് ചേർത്തുവായിക്കുമ്പോഴേ ദക്ഷിണാഫ്രിക്കൻ സ്പിന്നർമാരുടെ മികവ് മനസ്സിലാവൂ. രണ്ടാമത്തെ കാരണം കഴിഞ്ഞവർഷം ഇന്ത്യ സ്വന്തം മണ്ണിൽ ന്യൂസിലൻഡിനെതിരെ 3-0ത്തിന് തകർന്ന സംഭവമാണ്. മൂന്ന് ടെസ്റ്റ് പരമ്പരയിൽ 36 വിക്കറ്റുകളാണ് കിവീ കറക്കുകമ്പനിയായ അജാസ് പട്ടേൽ, മിച്ചൽസാന്റ്നർ, ഗ്ലെൻ ഫിലിപ്സ് എന്നിവർ ചേർന്ന് വീഴ്ത്തിയത്.

ഈഡൻ ഗാർഡൻസിലെ പിച്ച് സ്പിന്നിനെ തുണക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും തുടക്കത്തിൽ പന്തുകൾക്ക് നല്ല മുവ്മെന്റും പിന്നീട് റിവേഴ്സ് സ്വിങ്ങും കിട്ടാറുണ്ട് എന്നത് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറക്കും ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളർ കഗീസോ റബാദക്കും പ്രതീക്ഷ പകരും.

കഴിഞ്ഞ 15 വർഷത്തിനിടെ ഈ ഗ്രൗണ്ടിൽ വീണ 159 വിക്കറ്റുകളിൽ 97ഉം പേസർമാരുടെ പേരിലാണ് എന്നതും പ്രസക്തമാണ്. 

Tags:    
News Summary - South Africa win toss and opt to bat; Rishabh Pant returns ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.