മുംബൈ: ദക്ഷിണാഫ്രിക്ക ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം എത്തിപ്പിടിക്കാനാവാതെ കീവീസ് വീണു. ന്യൂസിലൻഡിനെതിരെ 190 റൺസിന്റെ വമ്പൻ ജയവുമായി പ്രൊട്ടീസ് സെമി ഫൈനൽ ഉറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 357 റൺസാണെടുത്തത്. വാന്‍ ഡെര്‍ ഡസ്സന്റെയും ക്വിന്റൺ ഡി കോക്കിന്റെയും തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക റൺമല തീർത്തത്. ഈ ലോകകപ്പിൽ ഡി കോക്ക് നേടുന്ന നാലാം സെഞ്ച്വറിയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 35.3 ഓവറിൽ 167 റൺസിന് ഓൾഔട്ടാകുകയായിരുന്നു. അവസാനം വരെ പൊരുതി അർധ സെഞ്ച്വറി നേടിയ ഗ്ലെൻ ഫിലിപ്പാണ് (60) കീവീസ് നിരയിലെ ടോപ് സ്കോറർ. വിൽ യങ്ങ് (33) ഡാരി മിച്ചൽ (24) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ് നാലും മാർക്കോ ജാൻസൻ മൂന്നും വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക പതിഞ്ഞ താളത്തിൽ തുടങ്ങി അവസാന ഓവറുകളിൽ സംഹാര താണ്ഡവമാടുകയായിരുന്നു. ഡി കോക്കും വാൻ ഡെർ ഡെസനും ഒന്നാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടാണ് തീർത്തത്. 188 പന്തിൽ 200 റൺസാണ് ഇരുവരും ചേർന്നെടുത്തത്. ഓപ്പണർ ക്യാപ്റ്റൻ ടെംപ ബവുമ 24 റൺസെടുത്ത് പുറത്തായിരുന്നു.116 പന്തിൽ മൂന്ന് സിക്സും 10 ഫോറും അടങ്ങിയതായിരുന്നു ഡി കോക്കിന്‍റെ 114 റൺസ്. 118 പന്തിൽ അഞ്ച് സിക്സും ഒമ്പത് ഫോറും അടിച്ചാണ് വാൻ ഡെർ ഡസ്സൻ 133 റൺസെടുത്തത്.

40 ഓവർ തികയുമ്പോൾ രണ്ടിന് 238 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. അവസാന ഓവറുകളിൽ ഡേവിഡ് മില്ലർ തകർത്തടിച്ചപ്പോൾ സ്കോറിങ് അതിവേഗത്തിലായി. 30 പന്തിൽ നാല് സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതാണ് മില്ലറുടെ 53 റൺസ്. ഹെയ്ന്റിച്ച് ക്ലാസെൻ 15ഉം എയ്ഡൻ മർക്രം ആറും റൺസെടുത്ത് പുറത്താകാതെ നിന്നു. അവസാന 10 ഓവറിൽ 119 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.

ഏഴു മത്സരങ്ങളിൽ നിന്ന് ആറ് ജയവും ഒരു തോൽവിയും ഉൾപ്പെടെ 12 പോയിന്റുമായി ദക്ഷിണാഫ്രിക്ക പോയിന്റ് ടേബ്ളിൽ ഒന്നാമതെത്തി. ഒരു മത്സരം കുറച്ച് കളിച്ച ഇന്ത്യ 12 പോയിന്റുമായി രണ്ടാമതാണ്. ഈ മത്സരത്തിലെ തോൽവിയോടെ ന്യൂസിലൻഡ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏഴു മത്സരങ്ങളിൽ നിന്ന് എട്ടു പോയിന്റാണുള്ളത്. മൂന്നാമതുള്ള ആസ്ട്രേലിയക്ക് ആറ് മത്സരങ്ങളിൽ നിന്ന് എട്ടു പോയിന്റുണ്ട്. 

Tags:    
News Summary - South Africa win by 190 runs against New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.