സൂര്യകുമാറിന്‍റെ ഡി.എൻ.എ പരിശോധന നടത്തണമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ പേസർ!

മുംബൈ: ട്വന്‍റി20 ക്രിക്കറ്റിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് ആവർത്തിച്ച് തെളിയിക്കുകയാണ് വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവ്. സൂര്യകുമാറിന്‍റെ അപരാജിത സെ‍ഞ്ച്വറിയുടെ (51 പന്തിൽ 102) മികവിലാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നത്.

51 പന്തിൽ ആറു സിക്സും 12 ഫോറും അടങ്ങുന്നതാണ് സൂര്യയുടെ ഇന്നിങ്സ്. മൂന്ന് വിക്കറ്റിന് 31 എന്ന നിലയിലേക്ക് വീണ മുംബൈയെ സൂര്യകുമാറിന്‍റെ തകർപ്പൻ ബാറ്റിങ്ങാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതും ജയിപ്പിച്ചതും. നാലാം വിക്കറ്റിൽ സൂര്യകുമാറും തിലക് വർമയും 79 പന്തിൽ 143 റൺസാണ് അടിച്ചുകൂട്ടിയത്. രോഹിത് ശർമക്കുശേഷം ഐ.പി.എല്ലിൽ മുംബൈക്കായി രണ്ടാം സെഞ്ച്വറി കുറിക്കുന്ന താരമായി സൂര്യ. ട്വന്‍റി20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ ബാറ്റർമാരിൽ ഋതുരാജ് ഗെയ്ക് വാദ്, കെ.എൽ. രാഹുൽ എന്നിവരുടെ റെക്കൊഡിനൊപ്പമെത്താനും താരത്തിനായി.

ആറു സെഞ്ച്വറികൾ. ഒമ്പത് സെഞ്ച്വറികളുമായി വിരാട് കോഹ്ലിയും എട്ടു സെഞ്ച്വറികളുമായി രോഹിത്തുമാണ് ഇവർക്ക് മുന്നിലുള്ളത്. സൂര്യയുടെ ബാറ്റിങ്ങിനെ പ്രശംസിച്ച് മുൻ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി. താരത്തിന്‍റെ പ്രതിബദ്ധതയെയും കഴിവിനെയും മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ പ്രശംസിച്ചു. ‘കഴിഞ്ഞ മത്സരത്തിൽ സൂര്യകുമാർ അർധ സെഞ്ച്വറി നേടി. തുടക്കത്തിൽ സ്ട്രൈക്ക് റേറ്റ് നൂറിൽ കളിക്കുന്ന താരം അവസാനം എത്തുമ്പോൾ അത് 160ലെത്തും. ഇന്നും ഉത്തരവാദിത്തത്തോടെ തുടങ്ങി. പ്രതിബദ്ധതയും കഴിവും’ -പത്താൻ എക്സിൽ കുറിച്ചു. ട്വന്‍റി20 ലോകകപ്പിനു മുന്നോടിയായി പാറ്റ് കമ്മിൻസിനെ വരെ കണക്കിന് പ്രഹരിച്ച് സൂര്യ കരുത്ത് തെളിയിച്ചതായി മുൻ താരം മുഹമ്മദ് കൈഫ് പ്രതികരിച്ചു.

ബാറ്റിങ്ങിലെ സൂര്യയുടെ മികവിനെ മുൻ ദക്ഷിണാഫ്രിക്കൻ താരവും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരവുമായ വെയ്ൻ പാർനെലും പുകഴ്ത്തി. ട്വന്‍റി20 ഫോർമാറ്റിൽ സൂര്യ എത്ര മികച്ചവനാണെന്ന് നിർണയിക്കാൻ ഡി.എൻ.എ ടെസ്റ്റ് നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ‘സൂര്യകുമാറിൽ ആരെങ്കിലും ഡി.എൻ.എ ടെസ്റ്റ് നടത്തിയിട്ടുണ്ടോ? ഈ വ്യക്തി വ്യത്യസ്തനാണ്, വ്യത്യസ്തനാണ്’ -പാർനെൽ എക്സിൽ കുറിച്ചു.

Tags:    
News Summary - South Africa pacer demands Suryakumar Yadav's DNA test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.