‘രോഹിതും ഹാർദികും തമ്മിൽ ഇത്രയും അകലമോ?’; മുംബൈ ഇന്ത്യൻസ് പ്രമോഷൻ വിഡിയോയിലെ ഇരിപ്പിനെ ട്രോളി ആരാധകർ

മുംബൈ: ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ, ടീമിന്റെ നായകനെ ചൊല്ലിയുള്ള വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. നായകനായിരുന്ന രോഹിത് ശർമയെ മാറ്റി പകരം ഗുജറാത്ത് ടൈറ്റൻസിൽ നി​ന്നെത്തിയ ഹാർദിക് പാണ്ഡ്യക്ക് ചുമതല കൈമാറിയത് ആരാധകരെ രോഷം കൊള്ളിച്ചിരുന്നു. ഇന്ത്യയുടെ മുൻ താരങ്ങളടക്കം വിവാദത്തിൽ പങ്കാളികളാവുകയും ചെയ്തു. രോഹിതിന്റെ കൈ എപ്പോഴും എന്റെ ചുമലിൽ ഉണ്ടാകുമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഹാർദിക് രം​ഗത്തെത്തിയിരുന്നു. 

ഐ.പി.എൽ തുടങ്ങാനിരിക്കെ ടീമിന്റെ പ്രമോഷൻ വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ‘മുംബൈ മേരി ജാൻ’ എന്ന പേരിലുള്ള വിഡിയോയുടെ അവസാനത്തിൽ താരങ്ങളെ കാണിക്കുന്ന ഭാഗത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. മറ്റു താരങ്ങൾ ചുറ്റും ഇരിക്കുകയും നിൽക്കുകയും ചെയ്യുമ്പോൾ രോഹിതും ഹാർദികും നടുവിൽ സോഫയിൽ ഇരിക്കുകയാണ്. എന്നാൽ, ഇതിനിടയിലുള്ള വിടവ് കാണിച്ചാണ് പരിഹാസം. ‘രോഹിതും ഹാർദികും തമ്മിൽ ഇത്ര അകലമോ’ എന്നാണ് ആരാധകരുടെ ചോദ്യം. ഇരുവരും തമ്മിലുള്ള അകൽച്ച അവസാനിച്ചിട്ടില്ലെന്ന രീതിയിലാണ് മിക്ക കമന്റുകളും.

ഒരു മിനിറ്റും 32 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോ തുടങ്ങുന്നത് ടീം മെന്റർ സചിൻ ടെണ്ടുൽക്കറും ഉടമ നിത അംബാനിയും കുട്ടികൾക്കൊപ്പം ‘മുംബൈ മേരി ജാൻ’ എന്ന ഗാനം ആലപിക്കുന്നതോടെയാണ്. താരങ്ങളിൽ ആദ്യം കാണിക്കുന്നത് ബാറ്റുമായി വരുന്ന രോഹിത് ശർമയെയാണ്. ആരാധകർക്കിടയിലേക്ക് ബൈക്കിൽ മാസ് എൻട്രിയാണ് ഹാർദിക് പാണ്ഡ്യയുടേത്. സൂര്യകുമാർ യാദവും ജസ്പ്രീത് ബുംറയും ഇഷാൻ കിഷനുമെല്ലാം ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 

Tags:    
News Summary - 'So much distance between Rohit and Hardik?'; Mumbai Indians promotion song trolled by fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.