സിഡ്നി ഏകദിനത്തിനിടെ ശ്രേയസിന് പരിക്കേറ്റപ്പോൾ
സിഡ്നി: ആസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ വാരിയെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. സിഡ്നിയില്‍ ആസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ഏകദിനത്തിനിടെയാണ് താരം പരിക്കേറ്റ് മൈതാനം വിട്ടത്. ശ്രേയസ് ആശുപത്രി വിട്ടതായും സുഖം പ്രാപിച്ചതില്‍ സന്തോഷമുണ്ടെന്നും മെഡിക്കല്‍ സംഘവും വിദഗ്ധ സംഘവും അറിയിച്ചതായി ശനിയാഴ്ച രാവിലെ ബി.സി.സി.ഐ അറിയിച്ചു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും ശ്രേയസ് സിഡ്നിയില്‍ തന്നെ തുടരും. സുഖം പ്രാപിച്ച ശേഷം ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ശരീരം അനുവദിക്കുന്ന സമയത്ത് അദ്ദേഹം മടങ്ങുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
“ഒക്ടോബര്‍ 25-ന് ആസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്. വാരിയെല്ല് പൊട്ടി താരത്തിന്റെ പ്ലീഹക്ക് മുറിവേറ്റു, ആന്തരിക രക്തസ്രാവവും ഉണ്ടായി. ചെറിയ ശസ്ത്രക്രിയയിലൂടെ രക്തസ്രാവം ഉടന്‍ നിര്‍ത്താനായി. അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു. സിഡ്നിയിലെയും ഇന്ത്യയിലെയും വിദഗ്ധരും ബി.സി.സി.ഐ മെഡിക്കല്‍ സംഘവും സന്തുഷ്ടരാണ്, ശ്രേയസ് സിഡ്നിയില്‍ തന്നെ തുടരും, യാത്ര ചെയ്യാന്‍ ആരോഗ്യ സ്ഥിതി അനുവദിക്കുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങും. മികച്ച ചികിത്സ ഉറപ്പാക്കിയതിന് മെഡിക്കല്‍ സംഘത്തെ നന്ദി അറിയിക്കുന്നു” -ബി.സി.സി.ഐ പ്രസ്താവനയില്‍ പറഞ്ഞു.
സിഡ്നിയിൽ നടന്ന മത്സരത്തിനിടെ ആസ്ട്രേലിയൻ ബാറ്റർ അലക്സ് കാരിയുടെ ഷോട്ട് കൈപിടിയിൽ ഒതുക്കുന്നതിനിടെ വീണ് വാരിയെല്ലിന് പരിക്കേറ്റതിനു പിന്നാലെയാണ് ശ്രേയസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡ്രസ്സിങ് റൂമിലെത്തിയ ഉടൻ സിഡ്നിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും, ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ജീവൻ തന്നെ അപകടത്തിലാകുന്ന സാഹചര്യത്തിലായിരുന്നു താരത്തെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കിൽനിന്ന് പൂർണമോചിതനായി ഫിറ്റ്നസ് വീണ്ടെടുത്ത ശേഷമേ ഏകദിന വൈസ് ക്യാപ്റ്റൻ കൂടിയായ ശ്രേയസിന് തിരികെ മൈതാനത്ത് എത്താനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.