അടുത്ത ആഴ്ച ആരംഭിക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടിയുള്ള ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ. ഇന്ത്യ-പാകിസ്താൻ പോരാട്ടവും ചാമ്പ്യൻസ് ട്രോഫിയിൽ അരങ്ങേറും. ക്രിക്കറ്റ് ആരാധകരും താരങ്ങളും ഒരുപോലെ ആവേശത്തിലാകുന്ന മത്സരമാണ് ഇന്ത്യ പാകിസ്താൻ പോരാട്ടം. ഇരു ടീമുകളും ഏറ്റുമുട്ടാനിരിക്കെ ഇന്ത്യൻ ടീമിൽ തന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയ താരത്തെ കുറിച്ച് സംസാരിക്കുകയാണ് പാകിസ്താൻ ഇതിഹാസ പേസ് ബൗളർ ഷോയിബ് അക്തർ.
ഇന്ത്യ-പാക് പോരാട്ടങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇന്ത്യൻ ടീമിൽ തന്നെ ഭയപ്പെടുത്തിയ ബാറ്ററെ കുറിച്ച് താരം പറഞ്ഞത്. ഇതിഹാസ ബാറ്റർമാരായ സച്ചിൻ ടെണ്ഡുൽക്കറോ സൗരവ് ഗാംഗുലിയോ അല്ല തന്നെ ഭയപ്പെടുത്തിയതെന്ന് അക്തർ പറഞ്ഞു. ഒരു കാലത്ത് ഇന്ത്യൻ ടീമിന്‍റെ സ്റ്റാർ ബൗളറായ ലക്ഷമിപതി ബാലാജിയാണ് തന്നെ ഭയപ്പെടുത്തിയതെന്നാണ് അക്തർ പറയുന്നത്. വാലറ്റനിരയിൽ ഇറങ്ങി സിക്സറടിക്കാൻ കെൽപ്പുള്ള താരമാണ് ബാലാജിയെന്നും അക്തർ പറഞ്ഞു.
'എന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയത് സച്ചിനോ ഗാംഗുലിയോ ഒന്നും അല്ല, ഒരു ബൗളർ ആയിരുന്നു അത്. ഇന്ത്യൻ വാലറ്റനിരയിൽ ഇറങ്ങുന്ന ലക്ഷ്‌മിപതി ബാലാജിയാണ് ഞാൻ ഏറ്റവും കൂടുതൽ ഭയന്ന ബാറ്റർ. അവൻ ക്രീസിൽ എത്തുമ്പോൾ ഞാൻ പേടിച്ചിട്ടുണ്ട്.
ഞാൻ ഒരു ഫാസ്റ്റ് ബൗളർ ആണെന്നുള്ള ഒരു പരിഗണനയും നൽകാതെ എന്നെ അവൻ സിക്സറിന് പറത്തി. അവൻ പന്ത് കാണുമോ എന്ന് പോലും എനിക്ക് അറിയില്ല. പക്ഷെ എന്നെ അവന് ഒരു പേടിയും ഇല്ലായിരുന്നു,' ഷൊയ്ബ് അക്തർ പറഞ്ഞു. 2004ൽ അരങ്ങേറിയ ഇന്ത്യ-പാകിസ്താൻ പരമ്പരയിലാണ് അക്തറിനെ ബാലാജി അടിച്ചുകൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.