വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന് എത്രയും വേഗം സുഖമാവട്ടെയെന്ന് ആശംസിച്ച് മലയാളി താരം സഞ്ജു സാംസൺ. 'എല്ലാം എത്രയും വേഗം സുഖമാവട്ടെ സഹോദരാ' സഞ്ജു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയുമുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ ഡൽഹി-ഹരിദ്വാർ ഹൈവേയിൽ ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ നർസനിൽ 5.30ഓടെയായിരുന്നു റിഷഭ് പന്തിന് അപകടം സംഭവിച്ചത്. താരം സഞ്ചരിച്ച ആഢംബര കാർ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു.
വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാറിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉറങ്ങിപ്പോയതിനാൽ കാറിന്റെ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. റോഡിൽ മൂടൽമഞ്ഞ് ഇല്ലായിരുന്നെന്നും അതിനാൽ റോഡിലെ കാഴ്ചകൾ മറഞ്ഞിരുന്നില്ലെന്നും പൊലീസ് പറയുന്നു.
ഡൽഹിയിൽനിന്ന് റൂർക്കിയിലെ വീട്ടിലേക്ക് വരികയായിരുന്നു പന്ത്. കാർ കത്തുന്നതിന്റെ ശബ്ദം കേട്ടാണ് സമീപത്തെ ഗ്രാമീണരും ലോക്കൽ പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. മാതാപിതാക്കളെ കാണുന്നതിനായാണ് പന്ത് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. മെഴ്‌സിഡസിന്റെ ജി.എല്‍.ഇ കാറാണ് താരം ഉപയോഗിച്ചത്. നിലവില്‍ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.