തിരുമ്പി വന്തിട്ടേന്ന് സൊല്ല് ; ചെന്നൈ ജഴ്സിയിൽ സഞ്ജുവിന് ആദ്യ സെഞ്ച്വുറി

ചെന്നൈ: ഐ.പി.എല്ലിൽ ഫോമില്ലെന്ന് പറഞ്ഞ് വിമർശിച്ചവരുടെ വായയടപ്പിച്ച് ചെപ്പോക്കിൽ സഞ്ജു സാംസണിന്‍റെ സംഹാരതാണ്ഡവം. ഡൽഹി ക്യാപിറ്റൽസിനെതിരെ മത്സരം സ്റ്റേഡിയത്തെ ആവേശക്കടലാക്കി വെടിക്കെട്ട് സെഞ്ചുറി. വെറും 52 പന്തിൽ സെഞ്ചുറി തികച്ച സഞ്ജുവിന്റെ കരുത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. 56 പന്തിൽ പുറത്താകാതെ 115 റൺസാണ് സഞ്ജു സ്കോർബോർഡിൽ കുറിച്ചത്.ഈ തകർപ്പൻ ഇന്നിംഗ്‌സിന്റെ ബലത്തിൽ 20 ഓവറിൽ ചെന്നൈ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു.

മത്സരത്തിലുടനീളം ഡൽഹി ബൗളർമാരെ കടന്നാക്രമിച്ച സഞ്ജു 15 ഫോറും 4 സിക്സും സഹിതമാണ് 115 റൺസ് അടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ സഞ്ജു തുടക്കം മുതൽ തകർത്തടിച്ചു. ഒന്നാം വിക്കറ്റിൽ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദുമായി (15) ചേർന്ന് 62 റൺസ് കൂട്ടിച്ചേർത്തു. ഗെയ്‌ക്‌വാദ് മടങ്ങിയ ശേഷം വന്ന ആയുഷ് മാത്രെയെ കൂട്ടുപിടിച്ച് സഞ്ജു ചെന്നൈ സ്കോർ കുതിപ്പിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 113 റൺസിന്റെ വമ്പൻ കൂട്ടുകെട്ടുണ്ടാക്കി. 36 പന്തിൽ 56 റൺസെടുത്ത മാത്രെ പിന്നീട് റിട്ടയേർഡ് ഔട്ടായി. പിന്നീടെത്തിയ ശിവം ദുബെയും പത്ത് പന്തിൽ 20 റൺസെടുത്തതോടെ ചെന്നൈയുടെ സ്കോർ 200 കടന്നു.

പരിക്കേറ്റ എം.എസ്. ധോണി ഇല്ലാതെ ഇറങ്ങിയ ചെന്നൈ നിരയിൽ സഞ്ജുവിന്റെ ഇന്നിംഗ്‌സ് നിർണ്ണായകമായി. ഡീവാൾഡ് ബ്രെവിസ്, ഗുർജപ്നീത് സിംഗ് എന്നിവരും ചെന്നൈ ഇലവനിലുണ്ട്. ഡൽഹി നിരയിൽ നിതീഷ് റാണ, വിപ്രാജ നിഗം എന്നിവർക്ക് പകരം അഷുതോഷ് ശർമയും അക്വിബ് നബി ദാറും കളത്തിലിറങ്ങി.

Tags:    
News Summary - Sanju Samson roars at Chepauk; smashes a brilliant century against Delhi Capitals.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.