ന്യൂഡൽഹി: ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. കരിയറിലെ ഏറ്റവും മോശം സമയത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ നൽകിയ ഉപദേശമാണ് ലോകകപ്പിലെ തന്റെ മാസ്മരിക പ്രകടനത്തിന് കരുത്തായതെന്ന് സഞ്ജു പറയുന്നു. ആസ്ട്രേലിയൻ പര്യടനത്തിനിടെ ടീമിൽ നിന്ന് പുറത്തായ സമയത്താണ് താൻ സച്ചിനെ വിളിക്കുന്നതെന്നും ആ സംഭാഷണം തന്റെ കരിയർ മാറ്റിമറിച്ചുവെന്നും സഞ്ജു വ്യക്തമാക്കി.
'സാർ, ആ വാക്കുകൾ സത്യമായി...'
"എന്റെ കരിയറിൽ കാര്യങ്ങൾ അത്ര നല്ല രീതിയിലല്ല പോയിക്കൊണ്ടിരുന്നത്. ആ സമയത്ത് ഞാൻ സച്ചിൻ സാറിനെ വിളിച്ച് സംസാരിച്ചു. എന്റെ പ്രതിസന്ധികൾ അദ്ദേഹത്തോട് വിശദീകരിച്ചു. അദ്ദേഹം എനിക്ക് നൽകിയ മറുപടി ഇതായിരുന്നു: 'സഞ്ജു, ഞാൻ ഒരുപാട് കാലമായി ഈ ഗെയിമിന്റെ ഭാഗമാണ്. പല കാര്യങ്ങളും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഒരുകാര്യം ഞാൻ ഉറപ്പുനൽകാം, നിങ്ങൾ 100 ശതമാനം ഗെയിമിനായി സമർപ്പിക്കുകയും, അതിനെ പൂർണ്ണമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്താൽ, തീർച്ചയായും അത് നിങ്ങൾക്ക് തിരികെ നൽകും.'"- സഞ്ജു പറഞ്ഞു. ലോകകപ്പ് വിജയത്തിന് ശേഷം സഞ്ജു ആദ്യം സന്ദേശമയച്ചവരിൽ ഒരാൾ സച്ചിനായിരുന്നു. 'സാർ, നിങ്ങൾ പറഞ്ഞത് സത്യമായി' എന്നായിരുന്നു സഞ്ജുവിന്റെ സന്ദേശം.
ബെഞ്ചിൽ നിന്ന് ടൂർണമെന്റിലെ താരത്തിലേക്ക്
2025 ഒക്ടോബറിൽ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കിടെയാണ് സഞ്ജുവിന് പ്ലെയിങ് ഇലവനിൽ സ്ഥാനം നഷ്ടമാകുന്നത്. പിന്നീട് ലോകകപ്പ് ടീമിലെത്തിയെങ്കിലും ആദ്യ മത്സരങ്ങളിൽ ഇഷാൻ കിഷനായിരുന്നു മുൻഗണന. എന്നാൽ ടൂർണമെന്റിന്റെ പകുതിക്ക് വെച്ച് ടീമിൽ മാറ്റങ്ങൾ വരുത്താൻ ഇന്ത്യ നിർബന്ധിതരായതോടെ സഞ്ജുവിന് നറുക്കുവീണു. കിട്ടിയ അവസരം ഇരു കൈയ്യും നീട്ടി സ്വീകരിച്ച സഞ്ജു പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല.
നോക്കൗട്ട് ഘട്ടങ്ങളിൽ തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറികൾ ഉൾപ്പെടെ 321 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഫൈനലിൽ വെറും 46 പന്തിൽ 89 റൺസ് അടിച്ചുകൂട്ടിയ സഞ്ജു തന്നെയായിരുന്നു ടൂർണമെന്റിലെ താരവും.
കരുത്തനാണെന്ന് അഭിനയിക്കുന്നത് നിർത്തി
തുടർച്ചയായി ടീമിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ നേരിട്ട മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും സഞ്ജു മനസ്സുതുറന്നു. എപ്പോഴും മാനസികമായി കരുത്തനാണെന്ന് അഭിനയിക്കുന്നത് താൻ നിർത്തിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റമെന്ന് സഞ്ജു പറയുന്നു. "ഒരു ചാമ്പ്യനാകാൻ എപ്പോഴും പോസിറ്റീവായിരിക്കണമെന്നും ശക്തനായിരിക്കണമെന്നും പലരും പറയും. എന്നാൽ ഉള്ളിൽ എനിക്ക് സന്തോഷമില്ലായിരുന്നു. ഒടുവിൽ എന്റെ യഥാർത്ഥ വികാരങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് എനിക്ക് ആശ്വാസം തോന്നിയത്. എനിക്ക് സങ്കടം തോന്നുമ്പോൾ ഞാൻ സങ്കടപ്പെടാൻ അനുവദിച്ചു. അതോടെ കാര്യങ്ങൾ മാറിമറിഞ്ഞു," സഞ്ജു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.