‘ക്രിക്കറ്റ് ഒരാളുടെ കഴിവിനെയും ക്ഷമയെയും ഒരുപോലെ പരീക്ഷിക്കുന്ന ഒന്നാണ്, അർജുൻ രണ്ടും മനോഹരമായി കൈകാര്യം ചെയ്തു...’; വൈകാരിക കുറിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സചിൻ

മുംബൈ: ഐ.പി.എൽ 2026 സീസണിൽ ലഖ്നോ സൂപ്പർ ജയന്‍റ്സ് ജഴ്സിയിൽ അരങ്ങേറ്റ മത്സരം കളിക്കാനായി ലീഗിലെ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നു ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ മകൻ അർജുന്. പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായ ലഖ്നോ, പഞ്ചാബ് കിങ്സിനെതിരായ അവസാന മത്സരത്തിലാണ് അർജുന് കളിക്കാൻ അവസരം നൽകിയത്.

ലഖ്നോ തോറ്റെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും അവസരം ലഭിച്ച അർജുൻ ഒരു വിക്കറ്റ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി. മുംബൈ ഇന്ത്യൻസിൽ അവസരം ലഭിക്കാതെ വന്നോതെടെയാണ് സീസണു മുന്നോടിയായി താരം ലഖ്നോ ടീമിലേക്ക് മാറിയത്. ആഭ്യന്തര ക്രിക്കറ്റിൽ ഗോവക്കായി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ലഖ്നോവിന്‍റെ ബെഞ്ചിലിരിക്കാനായിരുന്നു വിധി. ഒരു മത്സരത്തിൽ പോലും കളിപ്പിക്കാത്തതിൽ താരം വലിയ നിരാശയിലാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. അർജുന്റെ ഭാര്യ സാനിയ ചന്തോക്കും സഹോദരി സാറ തെണ്ടുൽക്കറും ലഖ്നോവിന്‍റെ മത്സരങ്ങൾ കാണാൻ പതിവായി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. 2022 മുതൽ 2025 വരെ മുംബൈക്കൊപ്പമായിരുന്ന അർജുൻ വെറും അഞ്ചു മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്.

മത്സരശേഷം സമൂഹമാധ്യമങ്ങളിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചാണ് അർജുനെ സചിൻ അഭിനന്ദിച്ചത്. ക്രിക്കറ്റ് ഒരാളുടെ കഴിവിനെയും ക്ഷമയെയും ഒരുപോലെ പരീക്ഷിക്കുന്ന ഒന്നാണെന്നും അർജുൻ രണ്ടും മനോഹരമായി കൈകാര്യം ചെയ്തെന്നും സചിൻ പ്രതികരിച്ചു. ‘‘വെൽ ഡൺ, അർജുൻ. ഈ സീസണിലുടനീളം ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടുപോയതിൽ വലിയ അഭിമാനമുണ്ട്. സ്വന്തം കഴിവിലുള്ള വിശ്വാസം കൈവിടാതെ, ക്ഷമയോടെ, ആരെയും അറിയിക്കാതെ കഠിനാധ്വാനം ചെയ്തതിലും, ഏറ്റവും അവസാനത്തെ മത്സരം വരെ അവസരത്തിനായി കാത്തിരിക്കേണ്ടി വന്നിട്ടും തളരാതെ പിടിച്ചുനിന്നതിലും അഭിമാനിക്കുന്നു. ക്രിക്കറ്റ് ഒരാളുടെ കഴിവിനെയെന്ന പോലെ അവന്റെ ക്ഷമയെയും പരീക്ഷിക്കുന്ന ഒന്നാണ്; നീ ഇന്ന് അവ രണ്ടും വളരെ മനോഹരമായി കൈകാര്യം ചെയ്തു.എപ്പോഴും വിനയമുള്ളവനായിരിക്കുക (Keep your feet on the ground), എന്നത്തെയും പോലെ കളിയോടുള്ള സ്നേഹം തുടർന്നും നിലനിർത്തുക. ഒരുപാട് സ്നേഹത്തോടെ...’’-സചിൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ശ്രേയസ് അയ്യരുടെ മിന്നും സെഞ്ച്വറിയുടെ ബലത്തിൽ ലഖ്നോക്കെതിരെ പഞ്ചാബ് സിങ്സ് ഏഴു വിക്കറ്റിനാണ് ജയിച്ചത്. 197 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ടീം ശ്രേയസിനൊപ്പം പ്രഭ്സിമ്രാൻ സിങ്ങും തിളങ്ങിയ ദിനത്തിൽ 12 പന്ത് ബാക്കിനിൽക്കെയാണ് ജയം പിടിച്ചത്. ജയത്തോടെ 15 പോയന്റുമായി നാലാം സ്ഥാനത്തേക്ക് കയറിയ പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷ കാത്തു. ഞായറാഴ്ചത്തെ രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരഫലങ്ങളെ ആശ്രയിച്ചാകും പഞ്ചാബിന്റെ പ്ലേ ഓഫ് പ്രവേശം. പഞ്ചാബിന്റെ ജയത്തോടെ ഡൽഹി കാപിറ്റൽസ് പുറത്തായി.

Tags:    
News Summary - Sachin Tendulkar sends emotional message after son Arjun get chance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.