'രോഹിതിനെ മാറ്റണം, ക്യാപ്റ്റനായി കോഹ്‍ലി തന്നെ മതി'; ട്വിറ്ററിൽ ക്രിക്കറ്റ് പ്രേമികളുടെ മുറവിളി

ന്യൂഡൽഹി: തകർപ്പൻ ബാറ്റിങ്ങുമായി 208 റൺസ് അടിച്ചുകൂട്ടിയിട്ടും ആസ്ട്രേലിയക്കെതിരെ ആദ്യ ട്വൻറി20യിൽ ​തോൽവി വഴങ്ങിയതോടെ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റണമെന്ന ആവശ്യവുമായി ​ക്രിക്കറ്റ് പ്രേമികൾ. നേതൃഗുണവും തന്ത്രങ്ങളും അന്യമായ നായകനാണ് രോഹിതെന്ന് കടുത്ത രീതിയിൽ വിമർശനമുന്നയിച്ചാണ് സമൂഹ മാധ്യമങ്ങളിൽ മുംബൈ താരത്തിനെതിരെ കളിക്കമ്പക്കാർ രംഗത്തുവന്നത്. ഇതിലും എത്രയോ മികച്ച ക്യാപ്റ്റനായിരുന്നു വിരാട് കോഹ്‍ലിയെന്നും അ​ദ്ദേഹത്തെ വീണ്ടും ക്യാപ്റ്റനായി അവരോധിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തയാറാകണമെന്നും ആരാധകർ ആവശ്യമുന്നയിക്കുന്നു.

'അംഗീകരിച്ചാലും ഇല്ലെങ്കിലും..രോഹിത് ശർമയാണ് ഇന്ത്യയുടെ എക്കാലത്തേയും മോശം ട്വൻറി20 ക്യാപ്റ്റൻ. 180ലേറെ റണ്ണടിച്ച് പാകിസ്താനെതിരെയും 170ലേറെ റണ്ണെടുത്ത ശേഷം ശ്രീലങ്കക്കെതിരെയും ഇപ്പോൾ 200ലേറെ റൺസെടുത്തശേഷം ആസ്ട്രേലിയക്കെതിരെയും നമ്മൾ തോറ്റിരിക്കുന്നു. തുടർച്ചയായ ഈ മൂന്നു കളികളിലും തോറ്റതിന് പ്രധാന ഉത്തരവാദി തന്ത്രങ്ങളൊന്നും വശമില്ലാത്ത നായകനാണ്' -ഒരു ആരാധകൻ ട്വീറ്റ് ചെയ്തു.


'കള്ളക്കളി കളിച്ച് കോഹ്‍ലിയെ നീക്കി ക്യാപ്റ്റനായതു മുതൽ രോഹിത് ശർമയുടെ കഷ്ടകാലം തുടങ്ങിയതാണ്. 2022ൽ ഐ.പി.എല്ലിൽ പത്താം സ്ഥാനമാണ് മുംബൈ ഇന്ത്യൻസിന് കിട്ടിയത്. ഏഷ്യ കപ്പിൽ ഇന്ത്യ ഫൈനലിലെത്താതെ പുറത്തായി. പാകിസ്താനും ശ്രീലങ്കക്കുമെതിരെ തോറ്റു. ഇപ്പോൾ ആസ്ട്രേലിയക്കെതിരെയും' -കോഹ്‍ലി ആരാധകനായ ഒരാളുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.


'ക്യാപ്റ്റൻസി എല്ലാവർക്കും ശരിയാവുന്ന ഒന്നല്ല. ട്വൻറി20യിൽ 200ലേറെ റൺസ് പ്രതിരോധിക്കാൻ കഴിയില്ലെങ്കിൽ പിന്നെന്ത്? വിരാടിന്റെ ക്യാപ്റ്റൻസിയിൽ അതൊരിക്കലും സംഭവിക്കില്ല. ട്വന്റി20 ലോകകപ്പിൽ എന്താണ് സംഭവിക്കുകയെന്നോർത്ത് ആ​ശങ്കയുണ്ട്.' -ഒരാൾ കമന്റ് ചെയ്തു.


രോഹിതിന് ക്യാപ്റ്റൻസിയുടെ സമ്മർദം കൈകാര്യം ചെയ്യാൻ കഴിയുന്നി​ല്ലെന്നും സഹതാരങ്ങളോട് എപ്പോഴും ദേഷ്യത്തിൽ പെരുമാറുകയാണെന്നും ഒരു കളിയാരാധകൻ ആരോപിക്കുന്നു. അതേസമയം, രോഹിതിനെ അനൂകൂലിച്ച് അദ്ദേഹത്തിന്റെ ആരാധകരും ന്യായവാദങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്.

Tags:    
News Summary - Rohit Sharma Should be Dropped as Captain, Fans Demand Return of Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 01:58 GMT