കൊല്‍ക്കത്ത : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും 2027 ഏകദിന ലോകകപ്പിനുള്ള ടീമില്‍ ഇടംനേടാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. കായിക ക്ഷമത നിലനിര്‍ത്തുക വെല്ലുവിളിയാണെന്നും 2027 ലോകകപ്പ് വരെ ടീമില്‍ നില്‍ക്കുക ഇരുവർക്കും ബുദ്ധിമുട്ടായിരിക്കുമെന്നും ഗാംഗുലി പറഞ്ഞു.
2024 ട്വന്റി 20 ലോകകപ്പ് വിജയത്തിനുശേഷം രോഹിതും കോഹ്ലിയും ട്വന്റി 20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചിരുന്നു. കഴിഞ്ഞ മാസം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തിന് മുന്നോടിയായി ഇരുവരും ടെസ്റ്റ് ക്രിക്കറ്റിനോടും വിടപറഞ്ഞു. എന്നാൽ 2027 ൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഇടംനേടൽ ഇരുവർക്കും എളുപ്പമല്ലെന്നാണ് ഗാംഗുലിയുടെ വിലയിരുത്തല്‍.
''2027 ലോകകപ്പിന് മുമ്പ് ഇന്ത്യ 27 ഏകദിന മത്സരങ്ങള്‍ മാത്രമാണ് കളിക്കുന്നത്. ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ രോഹിതും കോഹ്ലിയും ഈ മത്സരങ്ങളില്‍ മിക്കവാറും എല്ലാം കളിക്കേണ്ടിവരും. ഒരു വര്‍ഷം ശരാശരി 15 മത്സരങ്ങള്‍ കളിക്കേണ്ടത് അവര്‍ക്ക് വലിയ വെല്ലുവിളിയാണ്. പതുക്കെ ക്രിക്കറ്റ് അവരില്‍നിന്ന് അകലും, അവര്‍ ക്രിക്കറ്റില്‍നിന്നും,'' ഗാംഗുലി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാൽ വിരമിക്കല്‍ തീരുമാനത്തില്‍ ഇടപെടാന്‍ താന്‍ ആളല്ലെന്നും ഗാംഗുലി വ്യക്തമാക്കി. 2027 ലോകകപ്പ് ആകുമ്പോഴേക്കും രോഹിതിന് 40 വയസ്സും കോലിക്ക് 39 വയസ്സും ആകും. ഈ പ്രായത്തില്‍ ശാരീരികക്ഷമത നിലനിര്‍ത്തുക ഇരുവര്‍ക്കും വലിയ വെല്ലുവിളിയായിരിക്കുമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.