കൊൽക്കത്ത: റയാൻ പരാഗിന്‍റെ ബാറ്റ് ഈഡൻ ഗാർഡൻസിൽ തീപടർത്തിയപ്പോൾ പിറന്നത് പുതുചരിത്രം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി പരാഗ് മിന്നിത്തിളങ്ങിയെങ്കിലും ഒരു റണ്ണിന് രാജസ്ഥാൻ റോയൽസ് പൊരുതി തോൽക്കുകയായിരുന്നു.
കൊൽക്കത്തയുടെ 206 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 205 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ചു റൺസ് അകലെയാണ് പരാഗിന് സെഞ്ച്വറി നഷ്ടമായത്. 45 പന്തിൽ എട്ടു സിക്സും ആറു ഫോറുമടക്കം 95 റൺസെടുത്താണ് താരം പുറത്തായത്. ഇംഗ്ലീഷ് താരം മുഈൻ അലി എറിഞ്ഞ 13ാം ഓവറിൽ തുടർച്ചയായി അഞ്ചു സിക്സുകളാണ് പരാഗ് നേടിയത്. തൊട്ടടുത്ത ഓവറിൽ വരുൺ ചക്രവർത്തിക്കെതിരെ നേരിട്ട ആദ്യപന്തിൽത്തന്നെ വീണ്ടും സിക്സടിച്ചു, തുടർച്ചയായി ആറു സിക്സുകൾ. ഐ.പി.എല്ലിന്‍റെ ചരിത്രത്തിൽ ഒരുതാരം തുടർച്ചയായി ആറു സിക്സുകൾ നേടുന്നത് ആദ്യമാണ്.
മുഈൻ അലിയുടെ രണ്ടാം പന്ത് സിക്സ് പറത്തി രാജകീയമായാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. പിന്നാലെ മൂന്നു പന്തുകളിലും സിക്സ്. തൊട്ടടുത്ത പന്ത് വൈഡ്. അവസാന പന്തും സിക്സ് അടിച്ചാണ് പരാഗ് ഓവർ പൂർത്തിയാക്കിയത്. മൊത്തം 32 റൺസാണ് ആ ഓവറിൽ അലി വിട്ടുകൊടുത്തത്. 14 ഓവർ എറിഞ്ഞ വരുൺ ചക്രവർത്തിയുടെ ആദ്യ പന്തിൽ ഷിംറോൺ ഹെറ്റ്മയർ സിംഗ്ളെടുത്തു. പരാഗ് ക്രീസിൽ. തൊട്ടടുത്ത പന്ത് സിക്സ് അടിച്ചാണ് പരാഗ് ചരിത്ര നേട്ടത്തിലെത്തിയത്.
പരാഗിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയും അവസാന ഓവറിൽ ഇംപാക്ട് പ്ലെയർ ശുഭം ദുബെയുടെ വമ്പനടികളുമാണ് മത്സരം ലാസ്റ്റ് ഓവർ ത്രില്ലറിലെത്തിച്ചത്. ജയത്തോടെ കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷ കാത്തു. വൈഭവ് അറോറ എറിഞ്ഞ അവസാന ഓവറിൽ 23 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. രാജസ്ഥാനായി ക്രീസിൽ ദുബെയും ജൊഫ്ര അർച്ചറും. ദുബെ മൂന്നാം പന്ത് സിക്സും നാലാം പന്ത് ഫോറും അഞ്ചാം പന്ത് സിക്സും അടിച്ചതോടെ അവസാന പന്തിൽ ജയിക്കാൻ മൂന്നു റൺസ്.
ആറാം പന്തിൽ സിംഗ്ളെടുക്കാനെ കഴിഞ്ഞുള്ളു. രണ്ടാം റണ്ണിനായി ഓടിയെങ്കിലും ആർച്ചർ റണ്ണൗട്ടായി. രണ്ടാം മത്സരത്തിലും കൗമാരതാരം വൈഭവ് സൂര്യവംശിക്ക് തിളങ്ങാനായില്ല. വൈഭവ് അറോറ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഫോറടിച്ച വൈഭവ് നാലാം പന്തില്‍ പുറത്തായി. കൂറ്റനടിക്ക് മുതിര്‍ന്ന വൈഭവിനെ രഹാനെ ഉഗ്രന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
രണ്ട് പന്തില്‍ നിന്ന് നാല് റണ്‍സെടുത്താണ് വൈഭവ് മടങ്ങിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ വൈഭവ് വെറും രണ്ട് പന്തുകള്‍ മാത്രം നേരിട്ട് പൂജ്യം റൺസുമായി മടങ്ങിയിരുന്നു. യശ്വസി ജയ്സ്വാൾ (21 പന്തിൽ 34), കിനാൽ സിങ് റാഥോർ (പൂജ്യം), ധ്രുവ് ജുറേൽ (പൂജ്യം), വാനിന്ദു ഹസരംഗ (പൂജ്യം), ഹെറ്റ്മെയർ (23 പന്തിൽ 29), ആർച്ചർ (എട്ടു പന്തിൽ 12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 14 പന്തിൽ 25 റൺസുമായി ദുബെ പുറത്താകാതെ നിന്നു.
കൊൽക്കത്തക്കായി മുഈൻ അലി, ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ആന്ദ്രെ റസ്സലിന്റെയും ആങ്ക്രിഷ് രഘുവംശിയുടെയും ഇന്നിങ്‌സുകളാണ് കൊല്‍ക്കത്തക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.