സെവാഗിന്റെ റെക്കോഡ് മറികടന്ന് ഋഷഭ് പന്ത്

വീരേന്ദർ സെവാഗിന്റെ റെക്കോഡ് മറികടന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ റെക്കോഡാണ് പന്ത് മറികടന്നത്. ഈഡൻ ഗാർഡൻസിൽ രണ്ട് സിക്സറുകൾ അടിച്ചതോടെയാണ് പന്ത് റെക്കോഡ് മറികടന്നത്.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ച കണക്കിൽ 92 എണ്ണവുമായി പന്താണ് ഒന്നാമത്. 90 സിക്സുമായി സെവാഗാണ് രണ്ടാമത്. 88 സിക്സുകളുള്ള രോഹിത് ശർമ്മയാണ് പട്ടികയിൽ മൂന്നാമത്. 80 സിക്സറുകളോടെ രവീന്ദ്ര ജഡേജയാണ് നാലാമത്. എം.എസ് ധോണിയാണ് അഞ്ചാമത്. ആഗോളതലത്തിൽ 136 സിക്സ് നേടിയ ബെൻ സ്റ്റോക്സിന് പിന്നിൽ ഏഴാമതാണ് പന്ത്.

വീരേന്ദർ സെവാഗിനെ മറികടക്കാൻ ഒരു സിക്സ് മാത്രമാണ് മത്സരത്തിൽ പന്തിന് വേണ്ടിയിരുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ രണ്ട് സിക്സുകൾ നേടി പന്ത് റെക്കോഡ് മറികടക്കുകയായിരുന്നു.

അതേസമയം, ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഏഴിന് 93 റൺസെന്ന നിലയിലാണ് സന്ദർശകർ. മൂന്നു വിക്കറ്റു മാത്രം കൈവശമിരിക്കെ ആകെ 63 റൺസിന്റെ ലീഡ് മാത്രമാണ് പ്രോട്ടീസിനുള്ളത്. ക്യാപ്റ്റൻ തെംബ ബവുമ (78 പന്തിൽ 29*), കോർബിൻ ബോഷ് (4 പന്തിൽ 1*) എന്നിവരാണ് ക്രീസിൽ. പുറത്തായ മൂന്നു ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. സ്പിന്നർമാരായ രവീന്ദ്ര ജഡേജ നാലും കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.

30 റൺസ് കടവുമായിറങ്ങിയ ദക്ഷിണാഫ്രിക്കൻ മുൻനിര സ്പിന്നർമാർക്കു മുന്നിൽ പൊരുതിനിൽക്കാതെ മുട്ടുമടക്കുകയായിരുന്നു. റയാൻ റിക്കിൾട്ടൻ (23 പന്തിൽ 11), എയ്‌ഡൻ മാർക്രം (23 പന്തിൽ 4), വിയാൻ മുൾഡർ (30 പന്തിൽ 11), ടോണി ഡെ സോർസി (2 പന്തിൽ 2), ട്രിസ്റ്റൻ സ്റ്റബ്സ് (18 പന്തിൽ 5), കെയ്‌ൽ വെറൈൻ (16 പന്തിൽ 9), മാർക്കോ യാൻസൻ (16 പന്തിൽ 13) എന്നിവരാണ് പുറത്തായത്. മധ്യനിരയിലിറങ്ങിയ ബവുമ മാത്രമാണ് പിടിച്ചുനിൽക്കുന്നത്. ഇന്ത്യയുടെ എട്ട് വിക്കറ്റുകളടക്കം 15 വിക്കറ്റാണ് രണ്ടാം ദിനം ഈഡൻ ഗാർഡനിൽ വീണത്.

Tags:    
News Summary - Rishabh Pant breaks Virender Sehwag's record for most sixes in Tests for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.