ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി ഇന്ത്യയും ന്യൂസിലാൻഡും നേരിടും. കഴിഞ്ഞ രണ്ട് ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കളിച്ച ഇന്ത്യ ഒരെണ്ണത്തിൽ വിജയിച്ചപ്പോൾ ഒരെണ്ണത്തിൽ തോറ്റു. ഈ ഫൈനൽ കൂടി വിജയിച്ച് ഒരു കിരീടം ഇന്ത്യയിലേക്കെത്തിക്കാനാരിക്കും രോഹിത് ശർമയും സംഘവും ശ്രമിക്കുക. ശക്തമായ ടീമുമായാണ് ന്യൂസിലാൻഡുമെത്തുന്നത്. ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറിന്‍റെ കീഴിലുള്ള സ്പിൻ പടയും മികച്ച ഫോമിലുള്ള ഇതിഹാസ ബാറ്റർ കെയ്ൻ വില്യംസണുമെല്ലാം ഇന്ത്യക്ക് വെല്ലുവിളി ഉയർത്തുമെന്നുറപ്പാണ്.
ഇരു ടീമുകളിലും മികച്ച ബാറ്റർമാരും ബൗളർമാരും അണിനിരക്കുന്നുണ്ടെങ്കിലും ഫൈനലിൽ തിളങ്ങുക ഓൾറൗണ്ടർമാരായിരിക്കുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ സൂപ്പർതാരവും ക്രിക്കറ്റ് കമന്‍റേറ്ററുമായ രവി ശാസ്ത്രി. പ്ലെയർ ഓഫ് ദി മാച്ച് ആകുക ഒരു ഓൾറൗണ്ടറായിരിക്കുമെന്നും ഇന്ത്യൻ താരമാണെങ്കിൽ അത് രവീന്ദ്ര ജഡേജയോ അക്സർ പട്ടേലോ ആയിരിക്കുമെന്നും ന്യൂസിലാൻഡ് ആണെങ്കിൽ ഗ്ലെൻ ഫിലിപ്സ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'പ്ലെയർ ഓഫ് ദി മാച്ച്, ഒരു ഓൾ റൗണ്ടറാകാനാണ് ഞാൻ സാധ്യത കൽപിക്കുന്നത്. ഇന്ത്യൻ നിരയിൽ നിന്നും അക്‌സർ പട്ടേൽ അല്ലെങ്കിൽ രവീന്ദ്ര ജഡേജ. ഇവരിലൊരാൾ ആയേക്കും. ഇനി ന്യൂസിലാൻഡിൽ നിന്നുമാണെങ്കിൽ എനിക്ക് തോന്നുന്നത് ഗ്ലെൻ ഫിലിപ്സിന് സാധ്യതയുണ്ടെന്നാണ്. ഫീൽഡിങ്ങിൽ അവൻ തന്‍റെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തേക്കും. ബാറ്റിങ്ങിൽ ചിലപ്പോൾ 40ഓ 50ഓ റൺസടിച്ച് ക്യാമിയോ റോൾ നിർവഹിക്കാൻ സാധിക്കും. ചിലപ്പോൾ ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്തിയും അവൻ ഇന്ത്യയെ ഞെട്ടിച്ചേക്കാം,' ശാസ്ത്രി പറഞ്ഞു.
ബാറ്റിങ്ങിൽ ഇന്ത്യൻ നിരയിൽ വിരാട് കോഹ്ലിയാണ് ഇമ്പാക്ട് ഉണ്ടാക്കുന്നതെങ്കിൽ കിവകകളുടെ കൂട്ടത്തിൽ വില്യംസണും രച്ചിൻ രവീന്ദ്രയും ഡെയ്ഞ്ചറായേക്കുമെന്നും ശാസ്ത്രി നിരീക്ഷിച്ചു.
'നിലവിലെ ഫോം പരിശോധിക്കുകയാണെങ്കിൽ കോഹ്‌ലിയുടെ പേര് തന്നെ പറയും. ന്യൂസിലാൻഡ് നിരയിൽ കെയ്ൻ വില്യംസണും. ഇവർ റെഡ് ഹോട്ട് ഫോമിൽ നിൽക്കുന്ന സമയത്ത് ആദ്യ പത്ത് റൺസ് നേടാൻ അനുവദിച്ചാൽ നിങ്ങൾ വലിയ കുഴപ്പത്തിലാകും എന്ന ഉറപ്പിച്ചോളു. കോഹ്ലിയായാലും വില്യസണായാലും ആ കാര്യത്തിൽ മാറ്റമില്ല.
ന്യൂസിലാൻഡ് നിരയിൽ കെയ്ൻ വില്യംസണെ പോലെ തന്നെ ഒരു പരിധി വരെ രചിൻ രവീന്ദ്രയെയും അപകടകാരിയാണ്. വളരെ മികച്ച യുവതാരമാണ് അവൻ. ഇവരെ നിലയുറപ്പിക്കാൻ അനുവദിച്ചാൽ ആദ്യത്തെ ഒരു 15 റൺസിന് ശേഷം ഇന്ത്യക്ക് അപകടമാണ്,' ശാസ്ത്രി കൂട്ടിച്ചേർത്തു. ഞായറാഴ്ചയാണ് ഇന്ത്യയും ന്യൂസിലാൻഡും നേരിടുന്ന ചാമ്പ്യൻസ് ട്രോഫി ഫൈനൽ അരങ്ങേറുന്നത്. ദുബൈ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.