വമ്പൻ ലീഡില്ല! സൗരാഷ്ട്രക്കെതിരെ കേരളം 233 റൺസിന് പുറത്ത്, രോഹനു പിന്നാലെ അപരാജിതിനും അർധ സെഞ്ച്വറി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിന്‍റെ ഇന്നിങ്സ് 233 റൺസിൽ അവസാനിച്ചു, 73 റൺസ് ലീഡ്.

ഓപ്പണർ രോഹൻ കുന്നുമ്മലിനു പുറമെ, ബാബാ അപരാജിതും അർധ സെഞ്ച്വറി നേടിയതാണ് കേരളത്തിന് തുണയായത്. ജയദേവ് ഉനദ്കട്ടിന്‍റെ ബൗളിങ്ങാണ് കേരളത്തിന്‍റെ വമ്പൻ ലീഡ് പ്രതീക്ഷകൾ തകർത്തത്. 16.5 ഓവറിൽ 42 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. സീസണിൽ ആദ്യമായാണ് കേരളം എതിരാളികൾക്കെതിരെ ലീഡ് നേടുന്നത്. സൗരാഷ്ട്ര രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലാണ്

രണ്ടാംദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ് ആതിഥേയർ ബാറ്റിങ് പുനരാരംഭിച്ചത്. അർധ സെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലും അഹ്മദ് ഇംറാനുമായിരുന്നു ക്രീസിൽ. ടീം സ്കോർ 100 കടന്നതിനു പിന്നാലെ 41 പന്തിൽ 10 റൺസെടുത്ത ഇംറാനെ ഉനദ്കട്ട് മടക്കി. അധികം വൈകാതെ രോഹനും പുറത്തായി. 96 പന്തിൽ ഒരു സിക്സും 12 ഫോറുമടക്കം 80 റൺസെടുത്ത രോഹൻ ചിരാഗ് ജനിയുടെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി. നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ റണ്ണൊന്നും എടുക്കാതെ മടങ്ങി.

കേരളം അഞ്ചു വിക്കറ്റിന് 136 റൺസ്. പിന്നീട് ബാബ അപരാജിതും അങ്കിത് ശർമയും ചേർന്നാണ് കേരളത്തെ കരകയറ്റിയത്. ഇരുവരും സൗരാഷ്ട്ര ബൗളർമാരെ ശ്രദ്ധയോടെ നേരിട്ടു. ആറാം വിക്കറ്റിൽ ചെറുത്തുനിന്നതോടെ കേരളം ഒന്നാമിന്നിങ്സ് ലീഡ് നേടി, ടീം സ്കോർ 200 കടന്നു. 67 പന്തിൽ 38 റൺസെടുത്ത അങ്കിത് ശർമയെ ധർമേന്ദ്രസിങ് ജദേജ പുറത്താക്കിയതോടെ കൂറ്റൻ ലീഡ് പിടിക്കാമെന്ന കേരളത്തിന്‍റെ പ്രതീക്ഷകൾക്ക് തിരിച്ചടി. 67 പന്തിൽ 38 റൺസായിരുന്നു താരത്തിന്‍റെ സമ്പാദ്യം. വരുൺ നായർ (പൂജ്യം), എൻ. ബേസിൽ (പൂജ്യം), ഏദൻ ആപ്പിൾ ടോം (എട്ടു പന്തിൽ നാല്) എന്നിവരെല്ലാം വേഗത്തിൽ മടങ്ങി. പത്താം വിക്കറ്റായി അപരാജിതും പുറത്തായതോടെ കേരളത്തിന്‍റെ ഇന്നിങ്സ് 233 റൺസിൽ അവസാനിച്ചു. 145 പന്തിൽ ഒരു സിക്സും ആറു ഫോറുമടക്കം 69 റൺസെടുത്തു.

ആകർഷിന്‍റെയും (18) സച്ചിൻ ബേബിയുടെയും (1) വിക്കറ്റുകൾ ഒന്നാം ദിനം നഷ്ടമായിരുന്നു. സൗരാഷ്ട്രക്കായി ഹിതെൻ കാംബി രണ്ടു വിക്കറ്റ് നേടി. ആറ് വിക്കറ്റ് വീഴ്ത്തിയ പേസർ എം.ഡി. നിധീഷിന്‍റെ ഉജ്ജ്വല ബൗളിങ്ങാണ് സൗരാഷ്ട്രയുടെ ആദ്യ ഇന്നിങ്സ് 160 റൺസിൽ അവസാനിപ്പിച്ചത്. ടോസ് നേടി സൗരാഷ്ട്രയെ ബാറ്റിങ്ങിന് അയച്ച കേരളത്തിന് ബൗളർമാർ മികച്ച തുടക്കമാണ് നൽകിയത്.

അക്കൗണ്ട് തുറക്കും മുമ്പേ സൗരാഷ്ട്രക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒന്നാം ഓവറിലെ അഞ്ചാം പന്തിൽ ഹാർവിക് ദേശായിയെ പുറത്താക്കിയാണ് നിധീഷ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. തുടർന്ന്, ചിരാഗ് ജാനിയെയും (അഞ്ച്), റണ്ണൊന്നുമെടുക്കാത്ത അർപ്പിത് വസവദയെയും തുടർച്ചയായ പന്തുകളിൽ വീഴ്ത്തി നിധീഷ് സൗരാഷ്ട്രയെ ഞെട്ടിച്ചു. ഇതോടെ മൂന്ന് വിക്കറ്റിന് ഏഴ് റൺസെന്ന ദയനീയ നിലയിലായി സൗരാഷ്ട്ര. പിന്നാലെ ജയ് ഗോഹിലും പ്രേരക് മങ്കാദും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്തു. മങ്കാദിനെ (13) പുറത്താക്കി നിധീഷ് വീണ്ടും കേരളത്തിന് നിർണായക വഴിത്തിരിവ് സമ്മാനിച്ചു. അടുത്ത ഓവറിൽ അൻഷ് ഗോസായിയെയും (1) മടക്കി നിധീഷ് അഞ്ച് വിക്കറ്റ് പൂർത്തിയാക്കി.

മറുവശത്ത് ഉറച്ചുനിന്ന ജയ് ഗോഹിൽ ഗജ്ജർ സമ്മാറുമായി ചേർന്ന് സ്കോർബോർഡിന് താളം സമ്മാനിച്ചു. ഇരുവരും ചേർന്ന് 41 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ, 84 റൺസെടുത്ത ജയ് ഗോഹിലിനെ ഏദൻ ആപ്പിൾ ടോം പുറത്താക്കിയതോടെ സൗരാഷ്ട്രയുടെ ഇന്നിങ്സ് വീണ്ടും തകർച്ചയിലേക്ക്. ക്യാപ്റ്റൻ ജയ്ദേവ് ഉനദ്ഘട്ടിനെ നിധീഷും പുറത്താക്കി. ബാബ അപരാജിത് മൂന്നും ഏദൻ ആപ്പിൾ ടോം ഒന്നും വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - Ranji Trophy: Kerala claim first-innings leads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.