മുല്ലൻപൂർ: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 158 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാഞ്ചാബ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു.
ബംഗളൂരുവിന്‍റെ കണിശമായ ബൗളിങ്ങാണ് പഞ്ചാബ് ബാറ്റർമാരെ പിടിച്ചുകെട്ടിയത്. ഓപ്പണർ പ്രഭ്സിംറാൻ സിങ്ങാണ് ടോപ് സ്കോറർ. 17 പന്തിൽ ഒരു സിക്സും അഞ്ചു ഫോറുമടക്കം 33 റൺസെടുത്താണ് താരം പുറത്തായത്. 33 പന്തിൽ 31 റൺസുമായി ശശാങ്ക് സിങ് പുറത്താകാതെ നിന്നു. പ്രിയാൻഷ് ആര്യ (15 പന്തിൽ 22), ജോഷ് ഇംഗ്ലിഷ് (17 പന്തിൽ 29) എന്നിവരാണ് മറ്റു സ്കോറർമാർ.
ഓപ്പണർമാരായ പ്രിയാൻഷും പ്രഭ്സിംറാനും ടീമിന് മികച്ച തുടക്കം നൽകിയിരുന്നു. 4.2 ഓവറിൽ 42 റൺസാണ് ഇരുവരും അടിച്ചെടുത്തത്. ഇരുവരെയും ടീം ഡേവിഡിന്‍റെ കൈയിലെത്തിച്ച് ക്രുണാൽ പാണ്ഡ്യയാണ് മത്സരം ബംഗളൂരുവിന്‍റെ കൈയിലെത്തിച്ചത്. നായകൻ ശ്രേയസ് അയ്യർ 10 പന്തിൽ ആറു റൺസുമായി നിരാശപ്പെടുത്തി. റൊമാരിയോ ഷെപ്പേർഡിന്‍റെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച താരത്തെ ക്രുണാൽ പാണ്ഡ്യ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി.
കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടതോടെ ടീമിന്‍റെ സ്കോറിങ്ങിന്‍റെ വേഗതയും കുറഞ്ഞു. നെഹാൽ വധേര (ആറു പന്തിൽ അഞ്ച്), മാർകസ് സ്റ്റോയിനിസ് (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ബംഗളൂരുവിനായി സുയാഷ് ശർമയും രണ്ടു വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.