ഈ മാസം നടക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റ് ഫൈനലിൽ ഇന്ത്യയും ആസ്ട്രേലിയയും ഏറ്റുമുട്ടുമെന്ന് മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്. ഫെബ്രുവരി 19ന് പാകിസ്താനിലാണ് ടൂർണമെന്‍റ് ആരംഭിക്കുക. ഇന്ത്യൻ ടീമിന്‍റെ മത്സരം യു.എ.ഇയിൽ വെച്ച് നടക്കും.
സെമി ഫൈനലിൽ പങ്കെടുക്കുന്ന മറ്റ് രണ്ട് ടീമുകളെയും പോണ്ടിങ് പ്രവചിച്ചു. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് മറ്റ് രണ്ട് ടീമുകൾ. ഐ.സി.സി റിവ്യൂ എന്ന പരിപാടിക്കിടെയാണ് താരത്തിന്‍റെ പ്രവചനം. പരിപാടിയിൽ പങ്കെടുത്ത മുൻ ഇന്ത്യൻ താരവും കോച്ചുമായ രവി ശാസ്ത്രി പോണ്ടിങ്ങിന്‍റെ അഭിപ്രായത്തോട് യോജിച്ചു.
'ഇന്ത്യയെയും-ആസ്ട്രേലിയെയും മറികടന്ന് മുന്നോട്ട് പോകാൻ പാടാണ്. രണ്ട് രാജ്യത്തിലും നിലവിലുള്ള താരങ്ങളെ നോക്കും. ഈ അടുത്ത കാലത്തെ ഐ.സി.സി ടൂർണമെന്‍റുകളും ഫൈനലുകളും നോക്കുക ഇതിലെല്ലാം ഇന്ത്യയും ആസ്ട്രേലിയയും ഉണ്ട്,' പോണ്ടിങ് പറഞ്ഞു.
2002,2013 എന്നീ വർഷങ്ങളിൽ ചാമ്പ്യൻസ് ട്രോഫി ഇന്ത്യ നേടിയപ്പോൾ ആസ്ട്രേലിയ 2006, 2009 എന്നീ വർഷങ്ങളിൽ സ്വന്തമാക്കിയിരുന്നു. 2023ലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഏകദിന ലോകകപ്പിലും ഇരു ടീമും ഏറ്റുമുട്ടിയിരുന്നു. രണ്ടിലും ഇന്ത്യയെ ആസ്ട്രേലിയ മറികടന്നു. ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്ന പാകിസ്താൻ ഇരു ടീമുകൾക്കും ഒരു വെല്ലുവിളിയാകുമെന്നും പോണ്ടിങ് പറഞ്ഞു.
'നിലവിൽ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും മറ്റൊരു ടീം പാകിസ്താനാണ്. അവരുടെ അവസാനത്തെ കുറച്ച് ഏകദിന മത്സരങ്ങൾ മികച്ചതായിരുന്നു. നമ്മുക്കറിയാം ഐ.സി.സി ടൂർണമെന്‍റുകളിൽ അവരുടെ ഭാവി പ്രവചിക്കാൻ സാധിക്കില്ല. എന്നാൽ അവരുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്ന് തോന്നുന്നു,' പോണ്ടിങ് കൂട്ടിച്ചേർത്തു.
ആസ്ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും ഏകദിന പരമ്പര വിജയിച്ചതിന് ശേഷമാണ് മുഹമ്മദ് റിസ്വാൻ നയിക്കുന്ന പാക് പട ചാമ്പ്യൻസ് ട്രോഫിക്കെത്തുന്നത്. 2017ൽ അവസാനമായി നടന്ന ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയത് പാകിസ്താനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.