ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട '3 ഡി' ഓൾറൗണ്ടർ വിജയ് ശങ്കർ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും ഐ.പി.എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള മറ്റ് ഫ്രാഞ്ചൈസി ലീഗുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് 35-ാം വയസ്സിൽ താരം ഇന്ത്യൻ ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നത്. വിരമിക്കൽ പ്രഖ്യാപനത്തിനൊപ്പം കരിയറിൽ താൻ നേരിട്ട കടുത്ത സൈബർ ആക്രമണങ്ങളെക്കുറിച്ചും വെറുപ്പിനെക്കുറിച്ചും താരം എക്സിൽ പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് അംബാട്ടി റായുഡുവിന് പകരം വിജയ് ശങ്കറിനെ തിരഞ്ഞെടുത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. താരം ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും മികവുള്ള 'ത്രീ ഡൈമൻഷനൽ' കളിക്കാരനാണെന്ന അന്നത്തെ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദിന്റെ പ്രസ്താവനയാണ് താരത്തിന് നേരെ വലിയ രീതിയിലുള്ള പരിഹാസങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും കാരണമായത്. ഈ ലോകകപ്പിൽ പാകിസ്താനെതിരെ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തി വിജയ് ശങ്കർ ചരിത്രം കുറിച്ചെങ്കിലും, വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരത്തിനിടെ വിരലിന് പരിക്കേറ്റ് പുറത്താവുകയായിരുന്നു. അതിനുശേഷം താരത്തിന് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ സാധിച്ചതുമില്ല.
കരിയറിലുടനീളം താൻ നേരിട്ട കടുത്ത വിമർശനങ്ങളെക്കുറിച്ച് വിജയ് ശങ്കർ കുറിപ്പിൽ തുറന്നുപറഞ്ഞു. 'സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വെറുപ്പും നെഗറ്റിവിറ്റിയുമാണ് ഞാൻ കരിയറിൽ നേരിട്ടത്. എന്നാൽ, പ്രതികരിക്കുന്നതിന് പകരം അതിനെയെല്ലാം അവഗണിച്ച് മുന്നോട്ട് പോകാനാണ് ഞാൻ തീരുമാനിച്ചത്. എനിക്ക് അതിന് സാധിച്ചെങ്കിൽ ആർക്കും അതിന് സാധിക്കും. എപ്പോഴും പോസിറ്റീവായി ചിന്തിക്കുക, കഠിനാധ്വാനം ചെയ്യുക. ക്രിക്കറ്റാണ് എന്നെ ജീവിതം പഠിപ്പിച്ചത്. നിങ്ങളുടെ സ്വന്തം 3 ഡി ക്രിക്കറ്റർ, വിജയ് ശങ്കർ,' താരം കുറിച്ചു.
ഇന്ത്യക്കായി 12 ഏകദിനങ്ങളും 9 ട്വന്റി20 മത്സരങ്ങളും കളിച്ച വിജയ് ശങ്കർ, നാഗ്പൂരിൽ നടന്ന ഇന്ത്യയുടെ 500-ാമത് ഏകദിന മത്സരത്തിൽ അവസാന ഓവർ എറിഞ്ഞ് ടീമിനെ വിജയിപ്പിച്ച ഓർമയും പങ്കുവെച്ചു. ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ഐ.പി.എൽ ടീമുകൾക്കായി കളിച്ചിട്ടുള്ള താരം, തമിഴ്‌നാടിനായി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള ഓൾറൗണ്ടറാണ്. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനും ബി.സി.സി.ഐക്കും തന്റെ കുടുംബത്തിനും താരം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.