റിസ്​വാൻ സെമി കളിക്കാനെത്തിയത്​ രണ്ടുദിവസം ഐ.സി.യുവിൽ കിടന്ന്​; മടങ്ങിയത്​ ടീമിന്‍റെ ടോപ്​സ്​കോററായി

ദുബൈ: ആസ്​ട്രേലിയയോട്​ തോറ്റ്​ സെമിയിൽ പുറത്തായെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ്​ പാകിസ്​താൻ ട്വന്‍റി20 ലോകകപ്പിൽ നിന്ന്​ മടങ്ങുന്നത്​. പാകിസ്​താന്‍റെ മുന്നേറ്റത്തിൽ സുപ്രധാന പങ്കുവഹിച്ച ഓപണർ മുഹമ്മദ്​ റിസ്​വാനെ കുറിച്ച്​ മുൻ താരം ശുഐബ്​ അക്​തർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ഒരുപോസ്റ്റാണ്​ ഇപ്പോൾ ചർച്ചയാകുന്നത്​.

സെമിഫൈനലിന്​ തൊട്ടുമുമ്പ്​ രണ്ടുദിവസം ഐ.സി.യുവിൽ കിടന്ന താരമാണ്​ പാകിസ്​താനായി മികവുറ്റ രീതിയിൽ ബാറ്റേന്തിയതെന്ന്​ പറഞ്ഞാൽ വിശ്വസിക്കുമോയെന്നാണ്​ അക്​തർ ​േചാദിക്കുന്നത്​. റിസ്​വാൻ ഐ.സി.യുവിൽ കിടക്കുന്ന ചിത്രവും അക്​തർ പങ്കുവെച്ചിട്ടുണ്ട്​.

പനി ബാധിച്ചാണ്​ റിസ്​വാൻ രണ്ടുദിവസം ​ദുബൈയിൽ ഐ.സി.യുവിൽ ചികിത്സയിൽ കഴ​ിയേണ്ടി വന്നത്​. നെഞ്ചിൽ അണുബാധയേറ്റതിനെ തുടർന്ന്​ താരം ചികിത്സ തേടുകയായിരുന്നു.

'ഈ വ്യക്തി ഇന്ന് തന്‍റെ രാജ്യത്തിന് വേണ്ടി കളിച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതായി നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു. വളരേയേറെ ബഹുമാനം റിസ്​വാൻ...ഹീറോ...'-അക്​തർ ട്വീറ്റ്​ ചെയ്​തു.

അസുഖബാധിതനായ റിസ്​വാൻ കളിക്കുന്ന കാര്യം സംശയത്തിലായിരുന്നു. പാകിസ്​താൻ ബാറ്റിങ്​ കോച്ച്​ മാത്യു ഹെയ്​ഡൻ ഇക്കാര്യം സ്​ഥിരീകരിച്ചിരുന്നു. എന്നാൽ കളിക്കളത്തിൽ മടങ്ങിയെത്തിയ 29 കാരൻ 52 പന്തിൽ 67 റൺസ്​ അടിച്ച്​ ടീമിന്‍റെ ടോപ്​ സ്​കോററായി. ടൂർണമെന്‍റിൽ 281 റൺസ്​ സ്​കോർ ചെയ്​ത വിക്കറ്റ്​കീപ്പർ ബാറ്റർ ബാബർ അസമിന് (303 റൺസ്​)​ പിറകിൽ പാകിസ്​താന്‍റെ ഏറ്റവും മികച്ച റൺവേട്ടക്കാരനായി.

റിസ്​വാന്‍റെ മികവിൽ പാകിസ്​താൻ 177 റൺസ്​ പടുത്തുയർത്തി. എന്നാൽ മാർകസ്​ സ്​റ്റോയ്​നിസിന്‍റെയും (31 പന്തിൽ 40 നോട്ടൗട്ട്​) മാത്യു വെയ്​ഡ്​ (17പന്തിൽ 41 നോട്ടൗട്ട്​) പോരാട്ടവീര്യത്തിന്‍റെ മികവിൽ ഓസീസ്​ പാക്​ വെല്ലുവിളി മറികടന്നു. അഞ്ചുവിക്കറ്റിന്​ പാകിസ്​താനെ തോൽപിച്ച്​ ആസ്​ട്രേലിയ ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും.

Tags:    
News Summary - Pakistan's Mohammad Rizwan spent Two Days In ICU Before T20 World Cup Semis became topscorer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.