കോഹ്ലിക്കും ഡിവില്ലിയേഴ്സിനും അവകാശപ്പെട്ട റെക്കോഡിന്‍റെ പടിവാതിൽക്കൽ പാകിസ്താൻ സൂപ്പർ ബാറ്ററും

ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിക്കും മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിനും മാത്രം അവകാശപ്പെടാവുന്ന ഒരു റെക്കോഡുണ്ട്. പാകിസ്താൻ ഓപ്പണിങ് ബാറ്റർ ഫഖർ സമാനും ഈ നേട്ടത്തിന്‍റെ പാടിവാതിൽക്കലാണ്.

ബാറ്റിങ് ശരാശരി 50ഉം സ്ട്രൈക്ക് റേറ്റ് തൊണ്ണൂറോ, അതിലധികമോ നിലനിർത്തിയും ഏകദിനത്തിൽ ചുരുങ്ങിയത് 3000 റൺസ് നേടിയ താരങ്ങളെന്ന നേട്ടം കോഹ്ലിക്കും ഡിവില്ലിയേഴ്സിനും മാത്രമുള്ളതാണ്. 52 വർഷത്തെ ഏകദിന ചരിത്രത്തിൽ ഇരുവരും മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. 2018ൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ ഡിവില്ലിയേഴ്സ്, 14 വർഷത്തെ കരിയറിൽ 53.50 ശരാശരിയും 101.09 സ്ട്രൈക്ക് റേറ്റുമായി 9,577 റൺസാണ് ഏകദിനത്തിൽ നേടിയത്. കോഹ്ലി 57.32 ശരാശരിയിൽ 93.62 സ്ട്രൈക്ക് റേറ്റുമായി 274 മത്സരങ്ങളിൽനിന്നായി ഇതുവരെ നേടിയത് 12,898 റൺസും.

നിരവധി മികച്ച ഏകദിന ബാറ്റർമാരുണ്ടെങ്കിലും 50 ശരാശരിയിൽ 90ലധികം സ്ട്രൈക്ക് റേറ്റുമായി മൂവായിരമോ, അതിലധികമോ റൺസ് നേടാൻ ഈ രണ്ടുപേർക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഫഖർ സമാൻ ഈ നേട്ടത്തിലേക്ക് അടുത്തിരിക്കുകയാണ്. മികച്ച ഫോമിലുള്ള ഇടങ്കൈയൻ ബാറ്റർ 49.40 ശരാശരിയിൽ 94.30 സ്ട്രൈക്ക് റേറ്റുമായി 67 മത്സരങ്ങളിൽനിന്ന് ഇതുവരെ 3,082 റൺസാണ് നേടിയത്.

ന്യൂസിലൻഡുമായി നടക്കുന്ന ഏകദിന പരമ്പരയിൽ ഇനിയുള്ള മൂന്നു മത്സരങ്ങളിലും ഫോം നിലനിർത്താനായാൽ താരത്തിന് ഈ റെക്കോഡ് പുസ്തകത്തിൽ ഇടം നേടാനാകും. ആദ്യത്തെ രണ്ടു മത്സരങ്ങളിലും താരം സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഏകദിനത്തിൽ 11 പന്തിൽനിന്ന് 117 റൺസെടുത്ത താരം രണ്ടാം ഏകദിനത്തിൽ 144 പന്തിൽ 180 റൺസെടുത്ത് പുറത്താകാതെ നിന്നു.

Tags:    
News Summary - Pakistan batter close to joining Virat Kohli and AB de Villiers in record list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.