ഇസ്‍ലാമാബാദ്: പാകിസ്താൻ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അനിശ്ചിതത്വം നീങ്ങി. നാട്ടിലേക്ക് മടങ്ങുന്ന ലങ്കൻ താരങ്ങൾക്കു പകരം പുതിയ താരങ്ങളെത്തും. ഇസ്‍ലാമാബാദിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ സുരക്ഷ ആശങ്ക ചൂണ്ടിക്കാട്ടിയാണ് ഏതാനും താരങ്ങൾ നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടത്.
പരമ്പരയിലെ ബാക്കിയുള്ള രണ്ടു മത്സരങ്ങൾ പുനക്രമീകരിച്ചു. വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന മത്സരം വെള്ളിയാഴ്ചയിലേക്ക് മാറ്റി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച നടക്കും. ശനിയാഴ്ചയാണ് ഈ മത്സരം നിശ്ചയിച്ചിരുന്നത്. റാവൽപിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് രണ്ടു മത്സരങ്ങളും നടക്കുക. സ്ഫോടനമുണ്ടായ ഇസ്‍ലാമാബാദിൽനിന്ന് 17 കിലോമീറ്റർ അകലെയാണ് ഈ സ്റ്റേഡിയം. മത്സരങ്ങൾ പുനക്രമീകരിച്ചത് പാക് ക്രിക്കറ്റ് ബോർഡ് (പി.സി.ബി) മുഹ്സിൻ നഖ്‍വി സ്ഥിരീകരിച്ചു.
പാകിസ്താൻ പര്യടനം തുടരാനുള്ള ശ്രീലങ്കൻ ടീമിന്റെ തീരുമാനത്തിന് നഖ്‍വി നന്ദി. മാന്യതയുടെയും ഐക്യദാർഢ്യത്തിന്റെയും ചൈതന്യം തിളങ്ങിനിൽക്കുന്നു. പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ഏകദിന മത്സരങ്ങൾ നവംബർ 14, 16 തീയതികളിൽ റാവൽപിണ്ടിയിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ടീമിനൊപ്പം തുടരാൻ എല്ലാ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും മാനേജ്മെന്‍റ് പ്രതിനിധികൾക്കും ശ്രീലങ്കൻ ക്രിക്കറ്റ് കർശന നിർദേശം നൽകിയിരുന്നു. നിർദേശത്തിനു വിരുദ്ധമായി ഏതെങ്കിലും താരമോ സ്റ്റാഫോ നാട്ടിലേക്ക് മടങ്ങുകയാണെങ്കിൽ പകരക്കാരെ അയക്കുമെന്നും ലങ്കൻ ബോർഡ് വ്യക്തമാക്കി. ലങ്കൻ താരങ്ങൾക്ക് പരമാവധി സുരക്ഷ തന്നെ ഒരുക്കിയിട്ടുണ്ടെന്ന് നഖ്‍വി അറിയിച്ചു.
ഏകദിന പരമ്പരക്കു പിന്നാലെ സിംബാബ്വെ കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയും നടക്കുന്നുണ്ട്. രാഷ്ട്രീയ കാരണങ്ങളെ തുടർന്ന് അഫ്ഗാനിസ്ഥാൻ ടീം പിന്മാറിയതോടെയാണ് പരമ്പരയിലേക്ക് സിംബാബ്വെ എത്തിയത്. ഏകദിന പരമ്പര പുനക്രമീകരിച്ചതോടെ ത്രിരാഷ്ട്ര പരമ്പരയുടെ തീയതിയിലും മാറ്റും വരുത്തി. നവംബർ 18 മുതൽ 29 വരെ റാവൽപിണ്ടിയിലാണ് മത്സരങ്ങൾ നടക്കുന്നത്.
പാകിസ്താൻ തലസ്ഥാനമായ ഇസ്‍ലാമാബാദിൽ ജില്ല കോടതിക്ക് പുറത്തുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ പാകിസ്താൻ 1-0ത്തിന് മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.