ലണ്ടൻ: ക്രിക്കറ്റിൽ അസാധാരണ ക്യാച്ചുകളിലൂടെ ചില താരങ്ങൾ വിസ്മയിപ്പിക്കാറുണ്ട്. അത്തരത്തിൽ അതിശയിപ്പിച്ചൊരു ക്യാച്ചാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികളുടെ ചർച്ചാവിഷയം. ഇംഗ്ലണ്ടിലെ ട്വന്റി 20 ബ്ലാസ്റ്റ് ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഹാംസ്ഫയറും സസക്സും തമ്മില്‍ അരങ്ങേറിയ പോരാട്ടത്തിലാണ് അവിസ്മരണീയ മുഹൂർത്തമുണ്ടായത്.
സസക്‌സ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു ഹാംസ്ഫയർ. 19ാം ഓവർ എറിയാനെത്തിയത് ടിമൽ മിൽസ്. മൂന്നാം പന്ത് ബെന്നി ഹോവെൽ അതിർത്തിയിലേക്ക് പറത്തി. സിക്‌സെന്നുറപ്പിച്ച ആ പന്ത് ബൗണ്ടറി ലൈനിന് മുകളിലേക്ക് നീങ്ങവെ അടുത്തുണ്ടായിരുന്ന ബ്രാഡ് കറി പറന്നുയർന്ന് കൈയിലൊതുക്കുകയായിരുന്നു. ഇതുകണ്ട് താരങ്ങളും ഗാലറിയിലുള്ളവരുമെല്ലാം അന്തംവിട്ടുനിന്നു. ക്യാച്ച് അതിവേഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ച് എന്ന പേരിലാണ് പലരും വിഡിയോ ഷെയര്‍ ചെയ്തത്. ഇതിനെ വെല്ലാൻ മറ്റൊരു ക്യാച്ചില്ലെന്നും പലരും അഭിപ്രായപ്പെട്ടു. ലോക ക്രിക്കറ്റിലെ അറിയപ്പെടുന്ന താരങ്ങളടക്കം ഇതിന്റെ വിഡിയോ പങ്കുവെച്ച് താരത്തിന് അഭിനന്ദനവുമായി എത്തി.
മത്സരത്തിന്റെ ഗതിയെ തന്നെ തിരിക്കുന്നതായിരുന്നു ബ്രാഡ് കറിയുടെ ക്യാച്ച്. മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന ഹാവെൽസ് പുറത്തായതോടെ ഹാംസ്‌ഫെയർ പതറി. മത്സരത്തിൽ സസക്‌സ് ആറ് റൺസിന്റെ വിജയം നേടുകയും ചെയ്തു. നാലോവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും മിന്നും പ്രകടനം പുറത്തെടുത്ത കറി തന്നെയായിരുന്നു കളിയിലെ താരവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.