മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങളായ ജസ്പ്രീത് ബുംറ, സഹോദരങ്ങളായ ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ എന്നിവരെ കണ്ടെത്തിയ കഥ പറഞ്ഞ് മുംബൈ ഇന്ത്യൻസ് ടീം ഉടമ നിത അംബാനി. 2013ൽ ഐ.പി.എല്ലിൽ മുംബൈക്കായി അരങ്ങേറ്റം കുറിച്ച ബുംറക്ക്, ടീമിന്‍റെ അഞ്ചു കിരീട നേട്ടങ്ങളിലും നിർണായക പങ്കുണ്ടായിരുന്നു. രണ്ടു വർഷം കഴിഞ്ഞാണ് ഹാർദിക് മുംബൈ ടീമിലെത്തുന്നത്. ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലെ തലയെടുപ്പുള്ള ഓൾ റൗൺ താരങ്ങളിലൊരാളും മുംബൈയുടെ നായകനുമാണ് ഹാർദിക്.
പുതിയ പ്രതിഭകളെ കണ്ടെത്താനും അവരെ വളര്‍ത്തിയെടുക്കാനും മുംബൈ ഇന്ത്യൻസ് എക്കാലത്തും പുറത്തെടുക്കുന്ന മികവിനെക്കുറിച്ച് ബോസ്റ്റണിൽ സംസാരിക്കുകയായിരുന്നു നിത. ഐ.പി.എല്ലില്‍ ടീമുകള്‍ക്ക് താരങ്ങളെ സ്വന്തമാക്കാനായി നിശ്ചിത തുകയെ ചെലവഴിക്കാനാകു. അതുകൊണ്ടു തന്നെ ഭാവി താരങ്ങളെ കണ്ടെത്താനായി മുംബൈ ടീം അധികൃതർക്കൊപ്പം രഞ്ജി ട്രോഫിയും മറ്റു ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും മുടങ്ങാതെ നിതയും കാണാറുണ്ടായിരുന്നു. ഇങ്ങനെയാണ് നിത പാണ്ഡ്യ സഹോദരന്മാരുടെ കളി കാണുന്നതും ടീമിലെടുക്കുന്നതും.
‘കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്ന പാണ്ഡ്യ സഹോദരങ്ങൾ മൂന്നു വർഷം മാഗി നൂഡിൽസ് മാത്രം കഴിച്ചാണ് ജീവിച്ചിരുന്നത്. ഹാർദിക്കിനും ക്രുണാലിനോടും സംസാരിച്ചപ്പോള്‍ അവരുടെ കണ്ണുകളില്‍ കളിയോടുള്ള അടങ്ങാത്ത അഭിനിവേശവും വിജയിക്കാനുള്ള ത്വരയും ഞാന്‍ കണ്ടു. അങ്ങനെയാണ് ഹാർദിക്കിനെ 10 ലക്ഷം രൂപക്ക് ടീമിലെടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഇന്നവന്‍ മുംബൈയുടെ അഭിമാനമായ നായകനാണ്’ -നിത വ്യക്തമാക്കി.
2015ൽ മുംബൈ ടീമിനൊപ്പം കരാറൊപ്പിട്ട ഹാർദിക്കിന്‍റെ പ്രകടനം, ആ സീസണിൽ ടീം കിരീടം നേടുന്നതിലും നിർണായകമായി. ഏതാനും മാസങ്ങൾക്കുശേഷം താരം ഇന്ത്യൻ ടീമിലും അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത സീസണിൽ ക്രുണാൽ രണ്ടു കോടി രൂപക്ക് മുംബൈയിലെത്തി.
തങ്ങളുടെ സ്കൗട്ട് ടീം കണ്ടെത്തിയ മറ്റൊരു പ്രതിഭയാണ് പേസർ ജസ്പ്രീത് ബുംറ. കഴിഞ്ഞ വര്‍ഷം അതുപോലെ തങ്ങളുടെ ടീം കണ്ടെത്തിയ കളിക്കാരനാണ് തിലക് വര്‍മ. ഇന്നവന്‍ മുംബൈയുടെയും ഇന്ത്യയുടെയും അഭിമാനമാണ്. ഇതുകൊണ്ടൊക്കെയാണ് മുംബൈ ഇന്ത്യൻസിനെ ഇന്ത്യയുടെ ക്രിക്കറ്റ് നഴ്സറി എന്ന് വിശേഷിപ്പിക്കുന്നതെന്നും നിത അംബാനി കൂട്ടിച്ചേർത്തു.
2013ലാണ് ബുംറയുമായി മുംബൈ കരാറിലെത്തുന്നത്. തൊട്ടടുത്ത വർഷം ലേലത്തിലേക്ക് പോയ താരത്തെ 1.2 കോടി രൂപക്ക് മുംബൈ തന്നെ ടീമിലെത്തിച്ചു 2022 സീസണു മുന്നോടിയായി ഹാർദിക് മുംബൈ വിട്ട് ഗുജറാത്ത് ടൈറ്റൻസിലേക്ക് പോയി. 2024ൽ റെക്കോഡ് തുകക്ക് മുംബൈയുടെ നായകനായിട്ടായിരുന്നു ഹാർദിക്കിന്‍റെ തിരിച്ചുവരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.