ആസ്ട്രേലിയക്കെതിരെ ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ മികച്ച വിജയം സ്വന്തമാക്കി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം. ആസ്ട്രേലിയയെ നാല് വിക്കറ്റിന് തകർത്താണ് ഇന്ത്യൻ ടീമിന്‍റെ ത്രസിപ്പിക്കുന്ന വിജയം. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടുന്ന ആദ്യ ഏകദിന മത്സരമായിരുന്നു ഇത്. ആസ്ട്രേലിയ ഉയർത്തിയസ 265 വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ഇന്ത്യക്കായി മുൻ നായകൻ വിരാട് കോഹ്ലി 84 റൺസ് നേടി തിളങ്ങി.
ഈ ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് അദ്ദേഹത്തിന്‍റെ ടീമിലെ സ്ഥാനങ്ങൾക്ക് നേരെ ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ നാല് മത്സരങ്ങൾക്കിപ്പുറം കഥകൾ എല്ലാം മാറിമറിയുകയാണ് പാകിസ്താനതിരെയുള്ള സെഞ്ച്വറിയും ആസ്ട്രേലിയക്കെതിരെയുള്ള ഈ പ്രകടനവും അദ്ദേഹത്തെ വീണ്ടും ഇന്ത്യയുടെ പ്രധാനപ്പെട്ട വിക്കറ്റാക്കി മാറ്റുകയാണ്. വിരാടിന്‍റെ മോശം സമയത്ത് അദ്ദേഹത്തെ സംശയിച്ച ആളുകളുടെ മുഖത്തടിക്കുകയാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം നവ്ജോത് സിങ് സിദ്ധു. വിരാട്, ബാബർ അസം പോലുള്ള താരങ്ങളെ താൻ എപ്പോഴും പിന്തുണക്കുമെന്നും വിരാടിന്‍റെ ബാറ്റിങ് കാണുവാൻ വേണ്ടി നഗ്നപാദയുമായി 100 കിലോമീറ്റർ നടക്കാനും താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'വിരാട് കോഹ്ലിയെ സംശയിച്ചവരുടെ മുഖത്ത് അടിക്കുന്നു. ഞാൻ എപ്പോഴും വിരാട് ബാബർ അസം പോലുള്ള കളിക്കാരെ പിന്തുണച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിലേക്ക് നിരവധി മാച്ച് വിന്നർമാരെ ചേർത്തതിന് വിരാടിനും രാഹുലിനും നന്ദി. ഈ ടീം അപരാജിതരാണ്.
ഏകദിനങ്ങളിൽ ആളുകൾ ഒരുപാട് റൺസ് നേടിയിട്ടുണ്ട്. പക്ഷേ എത്ര മത്സരങ്ങൾ അവർ വിജയിപ്പിച്ചിട്ടുണ്ട്? നാഴികക്കല്ലുകളേക്കാൾ വിജയമാണ് പ്രധാനം. ഇവിടെയാണ് വിരാട് ഏറെ മുന്നില്ലെത്തുന്നത്. അദ്ദേഹം തന്‍റെ രാജ്യത്തിനായി കുപ്പിച്ചില്ലിന് മുകളിലൂടെ വേണമെങ്കിൽ നടക്കും, അതാണ് അദ്ദേഹത്തിൻറെ പ്രതിബദ്ധത. സന്തോഷം പകരാൻ വേണ്ടിയാണ് കോഹ്ലി ജനിച്ചത്, അദ്ദേഹത്തിന്‍റെ ബാറ്റിങ് കാണുവാൻ മാത്രം ഞാൻ 100 കിലോമീറ്റർ നഗ്‌നപാദനായി നടക്കും,' സിദ്ധു പറഞ്ഞു.
സെമി ഫൈനലിൽ ടോസ് ലഭിച്ച ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്ത് 264 റൺസ് സ്വന്തമാക്കുകയായിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 43 റൺസ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെയും നഷ്ടപ്പെട്ടിരുന്നു. മൂന്നാം നമ്പറിലെത്തിയ വിരാട് കോഹ്ലി നങ്കൂരമിട്ട് കളിച്ചും. ശ്രേയസ് അയ്യരിനെയും പിന്നീട് അക്സർ പട്ടേലിനെയും കൂട്ടുപിടിച്ച് വിരാട് കോഹ്ലി മികച്ച കൂട്ടുക്കെട്ടുകൾ സൃഷ്ടിച്ചു. 84 റൺസ് നേടിയ താരത്തെ പുറത്താക്കിയത് ആദം സാമ്പയാണ്. അപ്പോഴേക്കും ഇന്ത്യ ഏകദേശം വിജയം ഉറപ്പിച്ചിരുന്നു. ഒടുവിൽ 49ാം ഓവറിലെ ആദ്യ പന്തിൽ കെ.എൽ. രാഹുലിന്‍റെ സിക്സറിലൂടെ ഇന്ത്യ വിജയത്തിലെത്തി. വിരാട് തന്നെയാണ് കളിയിലെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.