'സ്കൈ'യെ എത്തിപ്പിടിക്കാനാകാതെ ഗുജറാത്ത് വീണു

മുംബൈ: സൂര്യകുമാർ യാദവും 'ഉരുളക്ക് ഉപ്പേരി കണക്കേ' റാഷിദ് ഖാനും സംഹാര നൃത്തമാടിയ വാം​ഖ​ഡെ സ്റ്റേഡിയത്തിൽ അന്തിമവിജയം ആതിഥേയർക്കായിരുന്നു. സൂര്യകുമാറിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ (49 പന്തിൽ 103) ബലത്തിൽ പടുത്തുയത്തിയ 219 റൺസെന്ന വിജയലക്ഷ്യം ഗുജറാത്ത് ടൈറ്റൻസിന് എത്തിപ്പിടിക്കാനായില്ല. 20 ഓവറിൽ 191/8 റൺസിലവസാനിച്ചു. 27 റൺസിനായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ജയം. 32 പന്തിൽ 10 സിക്സറും മൂന്നു ഫോറിന്റെയും അകടമ്പടിയോടെ 79 റൺസെടുത്ത റാഷിദ് ഖാൻ അവസാനം വരെ പോരാടിയെങ്കിലും ഗുജറാത്ത് നിരയിൽ കൂടെനിൽക്കാൻ ആളില്ലാതെ പോയത് വിനയായി. നാല് വിക്കറ്റ് നേടി മികച്ച ആൾറൗണ്ടിങ് പ്രകടനമാണ് റാഷിദ് ഖാൻ പുറത്തെടുത്തത്. വിജയത്തോടെ മുംബൈ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി പട്ടികയിൽ മൂന്നാമതെത്തി.

നേരത്തെ, ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണർമാരായ ഇഷാൻ കിഷൻ 31 ഉം നായകൻ രോഹിത് ശർമ 29 ഉം റൺസെടുത്ത് ഭേതപ്പെട്ട തുടക്കം നൽകിയെങ്കിലും ഗുജറാത്ത് സ്പിന്നർ റാഷിദ് ഖാനെ കൊണ്ടുവന്ന് ആ കൂട്ടുകൊട്ട് പൊളിച്ചു. രണ്ടുപേരെയും പുറത്താക്കി റാഷിദ്ഖാൻ അപകടമുന്നറിയിപ്പ് നൽകി. തുടർന്നെത്തിയ സൂര്യകുമാർ യാദവ് തകർത്തടിച്ച് മുന്നേറിയെങ്കിലും നേഹൽ വദേരയെ(15) ക്ലീൻ ബൗൾഡാക്കി റാഷിദ് ഖാൻ അടുത്ത ആഘാതം ഏൽപ്പിച്ചു. തുടർന്നെത്തിയ വിഷ്ണു വിനോദ് സൂര്യകുമാറിന് മികച്ച പിന്തുണയുമായി നിന്നു. 20 പന്തിൽ 30 റൺസെടുത്ത് വിഷ്ണു വിനോദ് മോഹിത് ശർമക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ടിം ഡേവിഡിനെയും(5) പുറത്താക്കി റാഷിദ് ഖാൻ നാലാം വിക്കറ്റ് തന്റെ അക്കൗണ്ടിൽ ചേർത്ത് ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തി. 12 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകളാണ് നേടിയത്. കാമറൂൺ ഗ്രീൻ പുറത്താകാതെ 3 റൺസെടുത്തു. സൂര്യകുമാർ യാദവ് 6 സിക്സും 11 ഫോറുമുൾപ്പെടെയാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.

മുംബൈ മുന്നോട്ട് വെച്ച റൺമല താണ്ടിയിറങ്ങിയ ഗുജറാത്തിന് 26 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഓപണർമാരായ വൃദ്ധിമാൻ സാഹ(2), ശുഭ്മാൻ ഗിൽ (6) എന്നിവർ ആകാശ് മധ്വാലിന് വിക്കറ്റ് നൽകി മടങ്ങി. 4 റൺസെടുത്ത് നായകൻ ഹാർദിക് പാണ്ഡ്യയും കൂടാരം കയറിയതോടെ ടീമിന്റെ നില പരുങ്ങലിലായി. തുടർന്നെത്തിയ വിജയ് ശങ്കറും ഡേവിഡ് മില്ലറും ചേർന്നാണ് സ്കോർ ബോർഡിനെ ചലിപ്പിച്ച് തുടങ്ങിയത്. 14 പന്തിൽ 29 റൺസെടുത്ത് വിജയ് ശങ്കർ പിയൂഷ് ചൗളക്ക് വിക്കറ്റ് സമ്മാനിച്ചു. അഭിനവ് മനോഹർ ( 2 ) നിലയുറപ്പിക്കും മുൻപെ മടങ്ങി. 26 പന്തിൽ 41 റൺസെടുത്ത് ഡേവിഡ് മില്ലറും മധ്വാലിന് വിക്കറ്റ് നൽകി. രാഹുൽ തെവാതിയ 14 ഉം, നൂർ അഹമ്മദ് 1ഉം റൺസെടുത്ത് പുറത്തായി. എട്ടാമനായി ഇറങ്ങിയ റാഷിദ് ഖാൻ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ്(79) ഗുജറാത്തിന്റെ തോൽവിയുടെ ആഴം കുറച്ചത്. റാഷിദ് റാനൊപ്പം അൽസാരി ജോസഫ് ഒരു റൺസെടുത്ത് പുറത്താവാതെ നിന്നു. മുംബൈക്ക് വേണ്ടി ആകാശ് മധ്വാൾ മൂന്നും പിയൂഷ് ചൗള, കുമാർ കാർത്തികേയ എന്നിവർ രണ്ടും ജേസൺ ബെഹ്‌റൻഡോർഫ് ഒരു വിക്കറ്റും വീഴ്ത്തി.  

Tags:    
News Summary - Mumbai won by 27 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.